ബീഹാറില്‍ ബിജെപി എംപി പുഴയില്‍ വീണു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി എംപി രാം ക്രിപാല്‍ യാദവ് ചെങ്ങാടം മറിഞ്ഞ് പുഴയില്‍ വീണത്. നാട്ടുകാര്‍ പുഴയില്‍ ചാടി എംപിയെ രക്ഷപ്പെടുത്തി. പാറ്റ്‌നയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ധനാരുവ ബ്ലോക്കിലെ ഗ്രാമത്തില്‍നിന്നുള്ള മടക്കയാത്രയില്‍ നദിമുറിച്ച് കടക്കുന്നതിനിടെ യാദവും അനുയായികളും സഞ്ചരിച്ച ചെങ്ങാടം മറിയുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് മുളയും റബര്‍ ട്യൂബുകളും കൊണ്ട് നിര്‍മ്മിച്ച ചെങ്ങാടം മറിഞ്ഞത്. നദിയിലേക്ക് വീണ എംപിയേയും അനുയായികളേയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പാറ്റ്‌നയിലേക്ക് മാത്രമാണ് സംസ്ഥാന ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗ്രാമീണമേഖലകളെ തിരിഞ്ഞുനോക്കുന്നില്ലെന്നും അപകടത്തിന് ശേഷം എംപി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കനത്ത നാശമുണ്ടായ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ എംപിയായ തനിക്കുപോലും ഒരു ബോട്ട് ലഭിച്ചില്ലെന്നും താല്‍ക്കാലിക ചെങ്ങാടം നിര്‍മ്മിച്ചാണ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതെന്നും എംപി കുറ്റപ്പെടുത്തി.