മംഗളൂരു: പരസ്പരമുള്ള കലഹത്തിനിടെ പി.യു.സി വിദ്യാര്‍ത്ഥിനിയായ 16 കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരനെ കോടതി റിമാണ്ട് ചെയ്ത് ജയിലിലടച്ചു. ഉളളാള്‍ കമ്പളപദവ് പജീറിലെ ഫ്രാന്‍സിസിന്റെ മകന്‍ സാംസണനെ (18) യാണ് കോടതി റിമാണ്ട് ചെയ്തത്. സഹോദരിയായ ഫിയോന സ്വീഡലിനെയാണ് സാംസണ്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഒക്‌ടോബര്‍ 8ന് രവിലെ പതിവുപോലെ കോളേജിലേക്ക് പോയ ഫിയോനയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കോണാജെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടുപരിസരത്തുനിന്ന് കണ്ടെത്തിയ പൊലീസ് സഹോദരന്‍ സാംസണ്‍ പെണ്‍കുട്ടിക്കയച്ച ഭീഷണി സന്ദേശങ്ങള്‍ വാട്‌സ്ആപ്പില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സാംസണെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തു വന്നത്. നിസാര പ്രശ്‌നത്തെ ചൊല്ലി സാംസണ്‍ ഫിയോനയുമായി വഴക്കു കൂടിയിരുന്നു. ഇതിനിടയില്‍ പ്രകോപിതനായ സാംസണ്‍ ചുറ്റികകൊണ്ട് ഫിയോനയുടെ തലയ്ക്കടിക്കുകയാണുണ്ടായത്. പിന്നീട് ഫിയോനയുടെ മൃതദേഹം സാംസണ്‍ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. സാംസണിന്റെ വെളിപ്പെടുത്തലിനെ തുര്‍ന്ന് പൊലീസ് കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു; പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് സഹോദരന്‍
News Desk
0