ബൈക്കുകള്‍ കൂട്ടിയിടിച്ച് പതിനേഴുകാരന്‍ മരിച്ചു

കുമ്പള: കുമ്പള ജില്ലാ സഹകരണാസ്പത്രിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് പതിനേഴുകാരന്‍ മരിച്ചു. ബംഗളൂരു രാംനഗറിലെ രാജു-ശോഭ ദമ്പതികളുടെ മകനും രാംനഗറില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയുമായ രാജശേഖര്‍ (17) ആണ് മരിച്ചത്. രാജശേഖറിനൊപ്പമുണ്ടായിരുന്ന ആരിക്കാടി ഓള്‍ഡ് റോഡില്‍ താമസക്കാരനും മംഗളൂരു സ്വകാര്യകോളേജില്‍ വിദ്യാര്‍ത്ഥിയുമായ ജിതേഷിനെ(19) ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. നവരാത്രി മഹോത്സവം കാണാനായി രാജശേഖര്‍ ശനിയാഴ്ച രാവിലെ കുമ്പള ഹനുമാന്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുഹൃത്തും സഹപാഠിയുമായ ഭവീഷിന്റെ വീട്ടിലെത്തിയതായിരുന്നു. പിന്നീട് ഭവീഷിന്റെ സുഹൃത്ത് ജിതേഷിനൊപ്പം രാജശേഖര്‍ ആരിക്കാടിയില്‍ നിന്ന് കുമ്പളയിലേക്ക് പുറപ്പെട്ടു. കുമ്പള ജില്ലാ സഹകരണാസ്പത്രിക്ക് സമീപമെത്തിയപ്പോള്‍ ഇരുവരും സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. രാജശേഖറിനെയും ജിതേഷിനെയും ഉhടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാജശേഖര്‍ ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. രാജശേഖറും ജിതേഷും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ രണ്ട് യുവാക്കള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
പെര്‍വാട് കടപ്പുറം സ്വദേശികളായ ആസിഫ്, ഹബീബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.


Previous Post Next Post
Kasaragod Today
Kasaragod Today