തീവ്രഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ നേതാവ് പ്രവര്‍ത്തനം നിര്‍ത്തി. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂരാണ് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിയത്. ഫേസ്ബുക്കിലൂടെ ഗോപിനാഥന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് വന്നപ്പോള്‍ പ്രതീഷ് വിശ്വനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ തിരിഞ്ഞുനോക്കാത്തതാണ് ഗോപിനാഥനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാം. അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫേബുക്കില്‍ മാത്രമല്ല പ്രവൃത്തിയിലും കാണിക്കണമെന്നും നേതാക്കള്‍ക്കെതിരെ ഒളിയമ്ബെയ്തുകൊണ്ട് ഗോപിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മത പരിവര്‍ത്തനത്തിനെത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെ ആക്രമിച്ച സംഘത്തിലെ പ്രധാനിയാണ് ഗോപിനാഥന്‍. മത പ്രചരണാര്‍ത്ഥമുള്ള ലഘുലേഖകള്‍ വീടുകളില്‍ കയറി വിതരണം ചെയ്യുന്ന മൂന്ന് പാസ്റ്റര്‍മാരെയാണ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തതയും ആത്മാര്‍തതയും ഫേസ്ബുക്കില്‍ മാത്രം പോരാ പ്രവര്‍ത്തിയില്‍ ആണ് കാണിക്കേണ്ടത്. ഞാന്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം, രാഷ്ട്രീയ ബജ്‌രംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നു, ഫേസ്ബുക്കില്‍ അല്ല പ്രവര്‍ത്തകരുടെ കൂടെ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്