മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നവിസ് രാജിവെച്ചു. ഭൂരിപക്ഷമില്ലെന്ന ബോധ്യത്തെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപി നേതാവായ അജിത് പവാർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്നവിസും രാജിവെച്ചത്. വൈകിട്ട് മാധ്യമങ്ങളെ കണ്ട ഫഡ്നവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഫഡ്നവിസ് ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. ഉച്ചയോടെ ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെച്ചിരുന്നു.
മഹാരാഷ്ട്രയിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. സർക്കാരുണ്ടാക്കാൻ ഗവർണർ ആദ്യം ക്ഷണിച്ചപ്പോൾ ശിവസേന പിന്തുണ ഇല്ലാതിരുന്നതിനാൽ അതിന് ബിജെപി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം നിന്ന് മറുപക്ഷവുമായി ചർച്ച നടത്തുകയായിരുന്നു ശിവസേന ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ജനവിധിയെ വഞ്ചിക്കുകയാണ് ശിവസേന ചെയ്തത്. സഖ്യം നിലനിൽക്കെ ശിവസേന മറുപക്ഷവുമായി ചർച്ച നടത്തി. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും ഒരു പാർട്ടിയേയും പിളർത്താനില്ലെന്നും ഫഡ്നവിസ് പറഞ്ഞു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തെ സോണിയഗാന്ധിക്ക് ശിവസേന അടിയറ വെച്ചെന്നും ഫഡ്നവിസ് ആരോപിച്ചു.
നാളെത്തന്നെ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതാണ് അധികാരം പിടിക്കാനുള്ള ബിജെപി നീക്കങ്ങളുടെ കരുത്ത് ചോർത്തിയത്. ഇതോടെയാണ് സഭയിൽ പരാജയപ്പെടുന്നതിനേക്കാൾ രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്ന തീരുമാനം ബിജെപി കൈക്കൊണ്ടത്.
അപ്രതീക്ഷിതമായി അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി രാജ്യത്തെ ഞെട്ടിക്കാൻ ബിജെപി ധൈര്യപ്പെട്ടത് ശിവസേനയിൽ നിന്ന് കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലുമെത്തിയ നാരായൺ റാണെ അടക്കമുള്ള നേതാക്കളുടെ അവകാശവാദങ്ങളായിരുന്നു വെന്നാണ് വിവരങ്ങൾ. ഇതിൽ വിശ്വസിച്ചാണ് അജിത് പവാറുമായുള്ള ബാന്ധവത്തിന് ബിജെപി ഇറങ്ങിത്തിരിച്ചത്. അജിത് പവാറിന്റെ സ്വാധീനത്തിലുള്ള 35 എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയിരുന്നത്.
ഈ കണക്കുകൂട്ടലുകളാണ് പിഴച്ചത്. അധികാരം പിടിക്കാൻ കോൺഗ്രസിലെയും ശിവസേനയിലെയും എൻസിപിയിലെയും എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെങ്കിലും അജിത് പവാറിന്റെ കാര്യത്തിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. സത്യപ്രതിജ്ഞാ ചടങ്ങിൽ അജിത് പവാറിനൊപ്പം നിന്ന 11 എംഎൽഎമാരേക്കൂടാതെ കൂടുതൽ പേരെ എത്തിക്കാൻ സാധിക്കുമെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശരദ് പവാർ ശക്തമായ നിലപാടെടുത്തതോടെ ബിജെപി തന്ത്രങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച അർധരാത്രിയിൽ തുടങ്ങിയ രാഷ്ട്രീയ നാടകങ്ങൾക്ക് ചൊവ്വാഴ്ച സായാഹ്നത്തോടെ തിരശ്ശീല വീണത്.