മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും വഴിപിരിയലിന്റെ വക്കില്‍. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയ ശിവസേനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഫഡ്‌നാവിസ് രാജിവച്ചത്. ശിവസേന ബി.ജെ.പിയുമായി ചര്‍ച്ച നടത്താതെ എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയെന്ന് വിമര്‍ശിച്ച ഫഡ്‌നാവിസ് ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും തുറന്നടിച്ചിരുന്നു.
അതേസമയം ബി.ജെ.പിക്കും ഫഡ്‌നാവിസിനും മറുപടിയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനം വിളിച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് അമിത് ഷാ ഉറപ്പുനല്‍കിയിരുന്നെന്നും കള്ളം പറയുന്നവരുമായി ഇനി ബന്ധം വേണ്ടന്നും ഉദ്ധവ് താക്കറെ തിരിച്ചടിച്ചു. ചര്‍ച്ചകളുടെ വാതില്‍ ശിവസേന അടച്ചിട്ടില്ല. എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അധികാരം പങ്കിടുന്നതിനെക്കുറിച്ച് സത്യസന്ധമായ നിലപാട് പറയുന്നത് വരെ ഫഡ്‌നാവിസുമായി സംസാരിക്കില്ലെന്നും താക്കറെ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പിക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ശിവസേനയ്ക്കും തങ്ങള്‍ക്ക് മുന്നിലുള്ള ഓപ്ഷനുകളെക്കുറിച്ച് പറഞ്ഞുകൂടാ എന്നും താക്കറെ ചോദിച്ചു. യോജിക്കാന്‍ കഴിയാത്ത ആളുകളുമായാണ് ശിവസേന സഖ്യത്തില്‍ ഏര്‍പ്പെട്ടത്. ഇക്കാര്യത്തില്‍ ഖേദിക്കുന്നു. ബി.ജെ.പിയെ ശത്രുപക്ഷത്ത് കാണുന്നില്ല. സഹോദരതുല്യമായി കണ്ടിട്ടും അവരുടെ ഭാഗത്ത് നിന്നുണ്ടായത് ദുരനുഭവമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേരത്തെ തന്ന വാക്കില്‍ നിന്ന് പിന്നോട്ട് പോയി. ബാല്‍ താക്കറെയുടെ മകന്‍ കള്ളം പറയുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. എന്തുകൊണ്ടാണ് പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോകുന്നതെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. അധികാരം മാത്രമാണ് ലക്ഷ്യമെങ്കില്‍ 2014ല്‍ ചെയ്തത് പോലെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാകാമായിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അമിത് ഷായുടെയും ഫഡ്‌നാവിസിന്റെയും സഹായം വേണ്ടന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.