ഉപ്പള: അക്രമക്കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതികളായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുന്ന പ്രതികളെ പിടിക്കാന്‍ പൊലീസ് രംഗത്തിറങ്ങി. കാസര്‍കോട് ഡി.വൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഡിവിഷന്‍ പരിധിയിലെ പത്ത് എസ്.ഐമാരടങ്ങുന്ന 60 അംഗ പൊലീസുകാരാണ് ഇത്തരത്തിലുള്ള പ്രതികളെ പിടികൂടാന്‍ രംഗത്തിറങ്ങിയത്. പത്തോളം പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വീടുകളില്‍ ചെന്നാണ് ഇവരെ പിടികൂടിയത്.
ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവായത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നാട്ടുകാരെയും പൊലീസിനെയും തോക്കിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഒട്ടേറെ അക്രമങ്ങളാണ് നടന്നത്. നിരവധി പേരെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ടുള്ള സംഭവങ്ങളും ഉണ്ടായി. മിക്ക സംഭവങ്ങളിലും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പലര്‍ക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിനിടെയാണ് പ്രതികളെ പിടികൂടാനായി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.