മിന്നൽ പരിശോധന,കാസർകോട് മുതൽ ചെർക്കളം വരെ നടത്തിയപരിശോധനയിൽ കണ്ടെത്തിയത് വളരെ വൃത്തി ഹീനമായ ഭക്ഷണവും വെള്ളവും,


ചെർക്കള:പാതയോരത്തെ രാത്രികാല തട്ടുകടകളിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ ജീവനക്കാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കാസർകോട് മുതൽ ചെർക്കള വരെയുള്ള പാതയോരത്തെ കടകളിലാണ് പരിശോധന നടന്നത്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ പരിശോധന രാത്രി ഏറെ വൈകുവോളം നീണ്ടു.


പരിശോധനയിൽ തീർത്തും വൃത്തിഹീനമായി കണ്ടെത്തിയ വിദ്യാനഗറിൽ മറുനാടൻ യുവാവ് നടത്തിയിരുന്ന പാനി പൂരി കട അടപ്പിച്ചു. ഗുണനിലവാരമില്ലാത്ത വെള്ളം കുപ്പികളിലാക്കി ഉയർന്ന വിലയിൽ വില്പന നടത്തുന്നതും കണ്ടെത്തി. മിക്കവാറും തട്ടുകടകളിൽ ഗാർഹികാവശ്യത്തിനുള്ള സബ്‌സിഡി ലഭിക്കുന്ന പാചകവാതക സിലിൻഡർ ഉപയോഗിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. വൃത്തിഹീനമായ പാത്രങ്ങളാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നത്. വ്യക്തിശുചിത്വം തീരേ പാലിക്കാതെയാണ് പലയിടങ്ങളിലും ഭക്ഷ്യസാധനങ്ങൾ വില്പന നടത്തുന്നത്.

പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നു. പഴകിയ മാവുകളും പിടിച്ചെടുത്തു. എണ്ണപ്പലഹാരങ്ങൾ ആഴ്ചകളായി ഉണ്ടാക്കിവരുന്നത് പാത്രത്തിൽനിന്ന് മാറ്റുകപോലും ചെയ്യാത്ത പഴയ എണ്ണകളിൽത്തന്നെയാണെന്നും പരിശോധനയിൽ കണ്ടെത്തി. പലയിടങ്ങളിൽനിന്നായി പാചകം ചെയ്തുകൊണ്ടു വരുന്ന ഭക്ഷ്യസാധനങ്ങളാണ് തട്ടുകടകളിൽ വില്ക്കുന്നത്. 14 തട്ടുകടകളിലാണ് പരിശോധന നടന്നത് .ഇവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷാ ജില്ലാ ഉപദേശകസമിതി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തട്ടുകടകളിലെ ശുചിത്വമില്ലായ്മ സംബന്ധിച്ച നിരവധി പരാതികളെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറും ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നു. പല കടകളുടെയും ഉടമ ഒരുവ്യക്തിയാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിവസക്കൂലിയിൽ ആളുകളെ നിർത്തിയും ദിവസവാടകയ്ക്ക്‌ നൽകിയുമാണ് കടകൾ നടത്തുന്നത്. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ ഉദയശങ്കർ, ആരോഗ്യവകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻചാർജ് ബി.നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹെൽത്ത് സൂപ്പർവൈസർമാരായ എ. കെ.ഹരിദാസ്, ബി.പി.വിജയൻ, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ മുസ്തഫ, അർഫാത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ജലീൽ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today