ഷെയർ ചെയ്യുന്നവർ അറിയുക! ഇത് ആ ഷെഹ്‌ലയയല്ല


ബത്തേരിയിലെ സ്കൂളിൽ പാമ്പു കടിയേറ്റു മരിച്ച ഷെഹ്‍ല ഷെറിന്റെ പാട്ട് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് മറ്റൊരു കുട്ടിയുടെ വിഡിയോയാണ്. വസ്തുതകൾ പരിശോധിക്കാതെ ഈ വിഡിയോ പങ്കുവയ്ക്കുന്നവരോട് അതിലെ യഥാർഥ പാട്ടുകാരി ഷെഹ്ന ഷാനവാസ് പറയുന്നു...

പ്രിയപ്പെട്ടവരേ,
എന്റെ പേര് ഷഹ്ന ഷാനവാസ്. ഞാൻ വയനാട്ടിലെ മുട്ടിൽ ഡബ്ല്യുഒ സ്കൂളിൽ പ്ലസ്‌വൺ വിദ്യാർഥിനിയാണ്. 4 വർഷം മുൻപ് ചുണ്ടേൽ ആർസി സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ പാടിയ പാട്ട് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്. എന്റെയും ബത്തേരിയിൽ ക്ലാസ്മുറിയിൽ പാമ്പ് കടിച്ചു മരിച്ച ഷെഹ്‌ല ഷെറിന്റെയും പേരിലെ സാമ്യം കൊണ്ടാവാം, പഴയ വിഡിയോ എടുത്ത് ഇതു ഷെഹ്‌ല ഷെറിനാണ് എന്ന മട്ടിലാണു പ്രചാരണം. ആ വിഡിയോയിൽ ഉള്ളത് നമ്മെ വിട്ടുപിരിഞ്ഞ ഷെഹ്‌ലയല്ല.
അതു ഞാനാണ്; ഷഹ്ന ഷാനവാസ്! ഞാനിപ്പോഴും ജീവനോടെയിരിക്കുന്നയാളാണ്. തോന്നിയപോലെ തലക്കെട്ടിട്ട് ഇത്തരം വിഡിയോകൾ പ്രചരിക്കുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്കുണ്ടാകുന്ന മനോവിഷമം എത്രത്തോളമുണ്ടാകുമെന്ന് എല്ലാവരും ആലോചിക്കണ്ടേ? ഷെഹ്‌ലയ്ക്കുണ്ടായ ദുർവിധിയോർത്ത് സങ്കടപ്പെടുമ്പോൾത്തന്നെയാണ് ഇതുപോലുള്ള വിഡിയോകളും കാണേണ്ടിവരുന്നത്. ഷെഹ്‌ലയോടുള്ള സ്നേഹം കൊണ്ടായിരിക്കുമെങ്കിലും വസ്തുത മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങൾ ദയവു ചെയ്തു ആരും പ്രചരിപ്പിക്കരുതേ...

എന്ന്,
സ്നേഹത്തോടെ
ഷഹ്ന ഷാനവാസ് 
പ്ലസ് വൺ വിദ്യാർഥിനി, ഡബ്ല്യുഒ എച്ച്എസ്എസ്, മുട്ടിൽ
Previous Post Next Post
Kasaragod Today
Kasaragod Today