സുള്ള്യ∙കർണാടകയിലെ പുത്തൂർ താലൂക്കിലെ കുരിയ ഹൊസ്മാറിൽ രണ്ടു പേരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകൾ ശമിയാ ഭാനു(16) എന്നിവരാണു മരിച്ചത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബിയെ (65) ഗുരുതരമായി പരുക്കേറ്റ നിലയിൽ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം നടന്നതെന്നു കരുതുന്നു. ഇന്നലെ രാവിലെയാണു പുറത്തറിഞ്ഞത്. മൂർച്ചയേറിയ ആയുധം കൊണ്ടു വെട്ടേറ്റ നിലയിലായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കൊഗ്ഗു സാഹിബും ഭാര്യയും ഇവരുടെ മകളുടെ പുത്രി ശമിയാ ഭാനുവുമാണു വീട്ടിൽ ഉണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ദക്ഷിണ കന്നഡ എസ്പി ബി.എം.ലക്ഷ്മി പ്രസാദ് ഉൾപ്പെടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.