പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 13വർഷം കഠിന തടവ് വിധിച്ച് കാസർകോട് ജില്ലാ കോടതി


കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 13 വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂര്‍ കക്കയംചാലിലെ പി. സുരേഷ് ബാബുവിനെ(35)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പീഡനത്തിന് പോക്‌സോ നിയമപ്രകാരം പത്തുവര്‍ഷവും തട്ടിക്കൊണ്ടുപോയതിന് മൂന്നുവര്‍ഷവുമാണ് ശിക്ഷ. പ്രതിയെ നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുരേഷ് ബാബുവിന് ശിക്ഷ വിധിച്ചത്. 2017 നവംബര്‍ 15നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതുസംബന്ധിച്ച് രാജപുരം പൊലീസ് മിസ്സിംഗിന് കേസെടുക്കുകയും കാണാതായത് ദളിത് പെണ്‍കുട്ടിയായതിനാല്‍ കേസിന്റെ അന്വേഷണചുമതല കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറുകയും ചെയ്തിരുന്നു. എസ്.എം.എസ് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായകിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും സുരേഷ് ബാബുവിനേയും കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെയും കോടതിയിലും പെണ്‍കുട്ടി തന്നെ സുരേഷ് പല സ്ഥലങ്ങളിലും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മൊഴി നല്‍കി. തുടര്‍ന്നാണ് പോക്‌സോ നിയമപ്രകാരം സുരേഷ് ബാബുവിനെതിരെ കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Previous Post Next Post
Kasaragod Today
Kasaragod Today