അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു; വില്ലനായത് റോഡിലെ കുഴി


അങ്കമാലി:അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ യുവാവ് ടാങ്കർലോറി കയറി മരിച്ചു. കറുകുറ്റി നോർത്ത് പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മഠത്തുംകുടി വീട്ടിൽ എം.സി. പോളച്ചന്റെ മകൻ ജിമേഷ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ന് അങ്കമാലി സി.എസ്.എ. ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.


റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ജിമേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിലിടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ടാങ്കർ ലോറി ജിമേഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതിനാൽ തൽക്ഷണം മരിച്ചു.

ജിമേഷിന്റെ അമ്മയുടെ അമ്മ, താന്നിപ്പുഴ കോച്ചിലാൻ വീട്ടിൽ മറിയം പൈലിക്ക് അന്ത്യചുംബനം നൽകി മടങ്ങിവരികയായിരുന്നു ജിമേഷ്. പിതാവിനെ മരണവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി സ്കൂട്ടറിൽ പീച്ചാനിക്കാട്ടേയ്ക്ക് വന്നതാണ്. ടാങ്കർ ലോറി ടി.ബി. ജങ്ഷനിൽ കൂടി കാലടി ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എറണാകുളം ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ജിമേഷ് പഠനത്തിന്റെ ഭാഗമായി നായത്തോട് ക്വാളിറ്റി എയർപോർട്ട് ഹോട്ടലിൽ ട്രെയ്നിയായി ജോലി നോക്കുന്നുണ്ടായിരുന്നു.

അമ്മ: താന്നിപ്പുഴ കോച്ചിലാൻ കുടുംബാംഗം ഷൈജി. സഹോദരങ്ങൾ: അനീഷ (നഴ്സ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി), ജിസോ (വിദ്യാർഥി). ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയിൽ.
أحدث أقدم
Kasaragod Today
Kasaragod Today