വിവാഹ പന്തലിലും പൗരത്വ പ്രതിഷേധം; ‘ആസാദി’ വിളിച്ച് വരൻ; ഏറ്റുചൊല്ലി വധു


മലപ്പുറം ∙ ‌പൗരത്വ ബില്ലിനും ദേശീയ പൗര റജിസ്റ്ററിനുമെതിരായ പ്രതിഷേധത്തിൽ ‘ആസാദി’ മുദ്രാവാക്യം ഏറ്റുചൊല്ലി മലപ്പുറത്തിന്റെ മുക്കും മൂലയും. വിവാഹ വീട്ടിൽനിന്ന് വരൻ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത് വധുവും മറ്റുള്ളവരും ഏറ്റുചൊല്ലുന്നതും മറ്റൊരിടത്ത് സെവൻസ് ഫുട്ബോൾ സ്റ്റേഡിയമൊന്നാകെ മുദ്രാവാക്യം മുഴക്കുന്നതുമാണ് പുതിയ കാഴ്ചകൾ. കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാ‍ർഥികൾ കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒത്തുചേർന്ന് പ്രകടനവും തെരുവുനാടകവുമൊക്കെ സംഘടിപ്പിച്ചത് മറ്റൊരു വിശേഷം. പൗരത്വബിൽ പ്രതിഷേധം ഉൾപ്പെടുത്തിയ ഒട്ടേറെ ‘സേവ് ദ് ഡേറ്റ്’ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


മലപ്പുറം കരുവാരകുണ്ട് പുൽവെട്ടിയിലെ കൊറ്റങ്ങോടൻ അഹ്സൻ തന്റെ വിവാഹപ്പന്തലിൽനിന്ന് വിളിക്കുന്ന ഹിന്ദി മുദ്രാവാക്യങ്ങൾക്ക് വധു സുമയ്യ പർവീണും മറ്റുള്ളവരും ‘ആസാദി’ എന്ന് ഏറ്റുവിളിക്കുന്ന വിഡിയോ ആണ് പുതിയ ഹിറ്റ്. ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരുന്ന അഹ്സൻ ഇപ്പോൾ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ എംഎ വിദ്യാ‍ർഥിനിയാണ്. ‘സിഎഎ – എൻആർസി തള്ളിക്കളയുക’, ‘ഇന്ത്യ ജയിക്കട്ടെ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഇവർ കയ്യിലേന്തിയിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today