പാലക്കാട്: വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ കുറ്റവിമുക്തനായ നാലാം പ്രതി മധുവിനെതിരെ ആക്രമണം. അതിക്രൂര മര്‍ദ്ദനാണ് മധുവിന് ഏല്‍ക്കേണ്ടി വന്നത്. റോഡരികില്‍ കിടന്ന മധുവിനെ പൊലീസ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ ഹൈദരാബാദില്‍ മൃഗ ഡോക്ടറെ പൊലീസ് വെടിവച്ച് കൊന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനോടൊപ്പം വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതും പ്രതിഷേധമായി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മധുവിനെ ആരോ മര്‍ദ്ദിക്കുന്നത്.
തീര്‍ത്തും അവശനായ മധുവില്‍ നിന്ന് വിശദ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പരിചയക്കാരോണോ അടിച്ചതെന്ന് മധുവിന്റെ മൊഴി എടുത്താലേ വ്യക്തമാകൂ. ഹൈദരാബാദിലെ പൊലീസ് നടപടിയുണ്ടാക്കിയ ചര്‍ച്ചകളാകാം അക്രമത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതി വിട്ടയച്ച മറ്റുള്ളവരോടും കരുതലുകളെടുക്കാന്‍ പൊലീസ് നിര്‍ദ്ദേശിക്കും. കേരളത്തിലെ പീഡനക്കേസ് പ്രതികള്‍ക്കെതിരേയും അതിശക്തമായ വികാരം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
വാളയാര്‍ കേസിലെ നാലാം പ്രതി കുട്ടിമധു എന്ന എം. മധുവിന് നേരേയാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മധു പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യല്‍ ഉടന്‍ നടത്തും. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.
ആദ്യത്തെ പെണ്‍കുട്ടിയുടെ ദുരൂഹമരണം അന്വേഷിച്ചില്ല. അതിനാലാണ് രണ്ടാമത്തെ പെണ്‍കുട്ടിയും മരിക്കാന്‍ (കൊല്ലപ്പെടാന്‍) ഇടയാക്കിയത്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍, പൈശാചികമായ പ്രകൃതി വിരുദ്ധ പീഡനം നടന്നതായി പൊലീസ് സര്‍ജന്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ല. പെണ്‍കുട്ടിയെ തൂക്കിക്കൊന്നതാകാനുള്ള സാധ്യതയുണ്ടെന്നും അത് അന്വേഷിക്കണമെന്നും പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും പൊലീസ് അന്വേഷിച്ചില്ല. ഇത്തരം വിഷയങ്ങളില്‍ പ്രോസിക്യൂഷനും അനങ്ങിയില്ല. മുഖ്യ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതുപോലും കോടതിയില്‍ സമര്‍പ്പിക്കാതെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മനഃപൂര്‍വം വീഴ്ച വരുത്തി.
കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ മൊഴികള്‍ ശക്തമാണ്. കുറ്റകൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്തുന്ന സാഹചര്യ തെളിവുകളുമുണ്ട്. അന്വേഷണ നടപടികളിലെ അപാകം പരിഹരിക്കാനും പ്രോസിക്യൂഷന്‍ ശ്രമിച്ചില്ല, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തുടരന്വേഷണവും ആവശ്യപ്പെട്ടില്ല. പൊലീസും പ്രോസിക്യൂഷനും ചേര്‍ന്ന് രണ്ട് സംഭവങ്ങളിലും അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. പതിമൂന്നും ഒമ്ബതും വയസ്സുള്ള പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കിയെന്നും പീഡനം സഹിക്കാനാവാതെ കുട്ടികള്‍ തൂങ്ങി മരിച്ചെന്നുമാണ് കേസ്. പ്രദീപ് കുമാര്‍, വലിയ മധു, കുട്ടിമധു, ഷിബു എന്നിവരായിരുന്നു പ്രതികള്‍.
വാളയാര്‍ കേസില്‍ അറസ്റ്റ് ചെയ്ത് വെറുതെവിട്ട മധു കുറ്റക്കാരനാണെന്ന് സഹോദരന്‍ ഉണ്ണിക്കൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളെ മധു ഉപദ്രവിക്കുന്ന കാര്യം കുട്ടികളുടെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തെക്കുറിച്ച് മധുവിനോട് ചോദിച്ചപ്പോള്‍ മധു തന്നോട് വഴക്കിട്ടതായും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.''പൊലീസിനോടും കോടതിയോടും മധു പെണ്‍കുട്ടികളെ ഉപദ്രവിച്ച കാര്യം പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടാതെ പോകുന്നത് ശരിയല്ല. മധു തെറ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം'' - ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. തെറ്റ് ചെയ്ത മധുവിന് കോടതി എന്തുകൊണ്ട് ശിക്ഷ നല്‍കിയില്ലെന്നറിയില്ലെന്നും മധു സിപിഎം പ്രവര്‍ത്തകനാണെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
പ്രതികള്‍ എന്തുംചെയ്യാന്‍ മടിക്കാത്തവരാണെന്നും അവര്‍ തങ്ങളെയും അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചിരുന്നു. വിധിവന്നതിനുശേഷം ഇന്നുവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കേസ് പുനരന്വേഷണം നടത്തുമ്ബോള്‍ ഭീഷണിയുണ്ടാകുമോയെന്ന് ഭയക്കുന്നു. കഴിഞ്ഞദിവസം മകന്‍ പഠിക്കുന്നസ്ഥാപനത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ രാത്രി രണ്ടുപേര്‍ ബൈക്കില്‍ പോയതായി അവിടത്തെ അധികൃതര്‍ അറിയിച്ചിരുന്നു. പ്രോസിക്യൂഷനിലും പൊലീസിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് പുനരന്വേഷണം നടത്താന്‍ അപ്പീല്‍ നല്‍കിയത്. രണ്ട് പുതിയ കേസുകളാക്കി അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
അപ്പീലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പ്രതികള്‍ക്കെതിരേ നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടികളുടെ അമ്മനല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വലിയമധു, കുട്ടിമധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസയയ്ക്കാന്‍ ഉത്തരവിട്ടത്. ഇതിനിടെയാണ് കുട്ടിമധുവിന് നേരെ ആക്രമണം. പ്രതികളുടെപീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്‌തെന്നാണ് കേസ്. പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതിവിധി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് പുനര്‍വിചാരണനടത്താന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിനിരയായ 13-കാരിയെ 2017 ജനുവരി 13-നും ഒമ്ബത് വയസ്സുകാരിയെ മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.