പൗരത്വഭേദഗതി നിയമത്തിനെതിരെ ആളിപ്പടരുന്ന പ്രക്ഷോഭം; നേരിടാൻ സൈന്യത്തെ ഇറക്കുന്നു.


ന്യൂഡൽഹി ∙ പൗരത്വ (ഭേദഗതി) ബില്ലിനെതിരെ വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന പ്രക്ഷോഭം നേരിടാൻ സൈന്യത്തെ ഇറക്കുന്നു.

ത്രിപുരയിൽ 70 പേർ വീതമടങ്ങുന്ന രണ്ടു സംഘം സൈന്യത്തെ (രണ്ടു കോളം) ഇറക്കി. അസമിലേക്കും രണ്ടു കോളം സൈനികരെ അയച്ചു. വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് 5000 അർധസൈനികരെയും കേന്ദ്രം നിയോഗിച്ചു.
അസമിലെ ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. ത്രിപുരയിൽ കാഞ്ചൻപുർ, മനു എന്നിവിടങ്ങളിലാണ് സൈന്യമിറങ്ങിയത്. അസമിൽ ദിബ്രുഗഡ്, ബുൻഗായ്‌ഗാവ് എന്നിവിടങ്ങളിലേക്കാണ് എത്തുക. 

പ്രചാരണങ്ങളും അനധികൃത സംഘം ചേരലുകളും തടയാൻ അസമിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ത്രിപുരയിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്കിനു പിന്നാലെ എസ്എംഎസും നിരോധിച്ചു. 

അസമിൽ പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങി. നൂറുകണക്കിനു പേരെ തടവിലാക്കി. 8 ട്രെയിനുകൾ റദ്ദാക്കി; 6 ട്രെയിനുകൾ സർവീസ് വെട്ടിക്കുറച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇതിനിടെ, പ്രതിഷേധം തണുപ്പിക്കാനായി മണിപ്പുരിലും ഇന്നർലൈൻ പെർമിറ്റ് (പുറമേ നിന്നുള്ളവർക്കുള്ള യാത്ര ചെയ്യാൻ പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധന) ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
Previous Post Next Post
Kasaragod Today
Kasaragod Today