ബംഗളൂരു: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ബംഗളൂരുവില്‍ നിന്ന് 35 കിലോ മീറ്റര്‍ ദുരെ സിദ്ദിക്കൊപ്പയിലാണ് ആദ്യ തടങ്കല്‍ പാളയം തയ്യാറാവുന്നത്. ആഫ്രിക്കന്‍ വംശജരെയും ബംഗ്ലാദേശികളേയും ഇവിടെ പാര്‍പ്പിക്കും. 35 ദിവസമാണ് ഇവരെ പാര്‍പ്പിക്കുക. അതിനിടയില്‍ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും. ഇത്തരത്തിലുള്ള 35 കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. രാജ്യത്ത് തടവ് കേന്ദ്രങ്ങള്‍ ഇല്ലെന്നും കോണ്‍ഗ്രസും നക്‌സലൈറ്റുകളും ചേര്‍ന്ന് നടത്തുന്ന കള്ളപ്രചരണമാണിതെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഇതോടെ പൊളിയുകയാണ്. പൊതുവായി എല്ലാവര്‍ക്കും വേണ്ടിയുള്ള തടവുകേന്ദ്രങ്ങള്‍ അസമിലുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ തുറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അസമിലെ ആറിടങ്ങളില്‍ തടവുകേന്ദ്രങ്ങളില്‍ 3000 പേരെ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങളും തയ്യാറാവുന്നു. ദേശീയ പൗരത്വപട്ടികയുടെ കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നത്.
അതിനിടെ ദേശീയപൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം രൂക്ഷമാവുകയാണ്. ഇന്ന് ഡല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ ജന്ദര്‍മന്ദിറിലേക്ക് മാര്‍ച്ച് നടത്തും. അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു പരിപാടി. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജന്ദര്‍മന്ദിറിലേക്ക് മാറ്റിയത്. മാര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പൗരത്വനിയമഭേദഗതിക്കെതിരെ ചില ഘടകകക്ഷികളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് വന്നതിനുപുറമെ ബി.ജെ.പിയില്‍ നിന്ന് തന്നെ എതിര്‍പ്പുമായി ചിലര്‍ രംഗത്തെത്തി. ബി.ജെ.പി പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡണ്ട് ചന്ദ്രകുമാര്‍ ബോസാണ് ട്വിറ്ററിലൂടെ തന്റെ എതിര്‍പ്പ് പങ്കുവെച്ചത്. ഘടകകക്ഷി നേതാക്കളായ നിതീഷ് കുമാര്‍, ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവരും എതിര്‍പ്പുമായി നേരത്തെ രംഗത്തുവന്നിരുന്നു.