വിവാഹ സത്കാരത്തിൽ നിന്നു പുറത്താക്കി; തിരികെയെത്തി നവവരനെ അടിച്ചുകൊന്നു


കലിഫോർണിയ∙ വിരിഞ്ഞു നിൽക്കുന്ന റോസ പുഷ്പങ്ങൾക്കു പിന്നിൽ  കോട്ടും സ്യൂട്ടു അണിഞ്ഞ് ഭാര്യയെ ചേർത്തു നിർത്തിയ സന്തോഷം നിറഞ്ഞ ഫോട്ടോ...ഫെയ്സ്ബുക്കിൽ വധു തങ്ങളുടെ വിവാഹ ഫോട്ടോ പോസ്റ്റു ചെയ്ത് നിമിഷങ്ങൾക്കകമാണ് മുപ്പതുകാരനായ വരനെ അജ്ഞാതർ കൊലപ്പെടുത്തിയെന്ന വാർത്ത പൊലീസ് പുറത്തുവിട്ടത്. ക്ഷണിക്കാതെ വിവാഹത്തിന് എത്തിയ രണ്ടു പേരെ കണ്ടെത്തി പുറത്താക്കിയിരുന്നു. ഇവരാണു മടങ്ങിയെത്തി വരനെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ നിഗമനം.
വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ജോയ് മെൽഗോസയെ അജ്ഞാതർ  അടിച്ചുകൊലപ്പെടുത്തിയത്. വിവാഹ സത്കാരത്തില്‍ അതിക്രമിച്ചു കടന്നുകയറിയതിനു പുറത്താക്കപ്പെട്ട രണ്ടു പേരാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. ജോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് ഇരുപത്തിയെട്ടുകാരനായ റോയ് കാസ്റ്റനേഡ്, സഹോദരൻ പത്തൊൻപതുകാരനായ ജോഷ്യു കാസ്റ്റനേഡ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച കാലിഫോർണിയയിലെ ചിനോയിലാണു സംഭവം. വിവാഹ സത്കാരത്തിനു ശേഷം എല്ലാവരും പിരിഞ്ഞു പോയതിനു പിന്നാലെ പ്രതികളെന്നു സംശയിക്കുന്നവർ തിരികെയെത്തുകയും ജോയ്‌യുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തതായി ജോയ്‌യുടെ സഹോദരൻ ആൻഡി വെലെസ്ക്യൂ പറഞ്ഞു. ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായി. വിവിധ ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജോയ്‌യുടെ സഹോദരൻ പൊലീസിനു മൊഴി നൽകിയത്. സംഭവ സമയം സഹോദരൻ മടങ്ങിയിരുന്നു. ഇരുവരും ബാറ്റു കൊണ്ട് അടിച്ചാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും ആൻഡി വ്യക്തമാക്കി. ഇതേ ബാറ്റുപയോഗിച്ച് പ്രതികൾ വിവാഹ സത്കാരത്തിനെത്തിയ മറ്റു രണ്ടു അതിഥികളെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. 

പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരും കുറ്റം സമ്മതിച്ചിട്ടില്ല. വിവാഹ സത്കാരത്തിന് എത്തിയവർക്ക് പിടിക്കപ്പെട്ടവരെ അറിയില്ലെന്നാണ് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പിടിക്കപ്പെട്ടവർ ആദ്യം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിരുന്നില്ല. അവരെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് വൈകിയാണ് ആളുകൾ മനസ്സിലാക്കിയത്. ജോയ് അത് തിരിച്ചറിഞ്ഞ് പ്രശ്നമാക്കിയ ശേഷം അവർ സ്ഥലംവിട്ടു. പിന്നീട് തിരികെയെത്തി കൊലപ്പെടുത്തുകയായിരുന്നെന്നും സഹോദരൻ പറഞ്ഞു

ഞായറാഴ്ച വെളുപ്പിനെ 2.30നാണ് വിവാഹ സത്കാരം നടന്ന സ്ഥലത്തു പ്രശ്നമുണ്ടെന്ന് അറിഞ്ഞത്. അവിടെ എത്തിയപ്പോൾ ചെറിയ മുറിവുകളുമായി രണ്ടു പേരെ കണ്ടു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അടുത്തുള്ള വീടിന്റെ പുറകുവശത്ത് ചോരയൊലിച്ചു കിടക്കുന്ന ജോയ്‌യെ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിവാഹ സത്കാരത്തിനെത്തിയ എല്ലാവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. 

ജോയ്‍യുടെ വേർപാടിൽ അതീവ ദുഃഖിതരാണ് ബന്ധുക്കളും സുഹൃത്തുക്കളും. തന്റെ സഹോദരന് നീതി ലഭിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ടവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സഹോദരൻ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today