കാസർകോട് ∙ ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടൻ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു ബൈക്കിൽ കുതിച്ച യുവാവിനു ലൈസൻസ് റദ്ദായി. വിദ്യാനഗർ പാറക്കട്ടയിലെ ഡ്രൈവിങ് പരീക്ഷാ ഗ്രൗണ്ടിൽ ‘എച്ചും എട്ടും’ എടുത്ത്, റോഡ് ടെസ്റ്റും കഴിഞ്ഞ ഉടനെയാണു പത്തൊൻപതുകാരൻ അബൂബക്കറിന് ‘എട്ടിന്റെ’ പണി കിട്ടിയത്.
ലൈസൻസ് അനുവദിച്ചതറിഞ്ഞു സന്തോഷത്താൽ മതിമറന്ന്, ഫോൺ ചെവിയോടു ചേർത്ത് ഒരു ഭാഗം ചരിഞ്ഞു ബൈക്ക് ഓടിക്കുന്നതു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.കെ.ദിനേശ്കുമാർ, റജി കുര്യാക്കോസ് എന്നിവർ കണ്ടു കൊണ്ടു നിൽക്കുകയായിരുന്നു. കൈയിൽ കിട്ടുമായിരുന്ന ഡ്രൈവിങ് ലൈസൻസ് അങ്ങനെ നിമിഷങ്ങൾക്കകം പറന്നകന്നു. ഇനി 6 മാസത്തിനു ശേഷമേ കിട്ടൂ.