തിരുവനന്തപുരം: ആറുകോടിയുടെ ബമ്ബര്‍ അടിച്ച പണംകൊണ്ടു വാങ്ങിയ പുരയിടം കിളച്ചപ്പോള്‍ മുന്‍പഞ്ചായത്തംഗത്തിന് ലഭിച്ചത് രണ്ട് കുടം നിധി. കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ രാജേഷ് ഭവനില്‍ ബി.രത്‌നാകരന്‍ പിള്ളയ്ക്കാണ് നിധി ലഭിച്ചത്. കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ നിന്നാണു രാജഭരണ കാലത്തെ 2600 പുരാതന നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്. മണ്‍കുടത്തില്‍ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങള്‍ കണ്ടെടുത്തത്.
നാണയശേഖരത്തിന് 20 കിലോ തൂക്കമുണ്ട്. കേരള ലോട്ടറിയുടെ 2018ലെ ക്രിസ്മസ് പുതുവര്‍ഷ ബംപര്‍ സമ്മാനമാണു രത്‌നാകരന്‍ പിള്ളയ്ക്കു ലഭിച്ചത്. ചില നാണയങ്ങളില്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് ഇംഗ്ലിഷില്‍ രേഖപ്പെടുത്തലുമുണ്ട്.
ഒന്നര വര്‍ഷം മുന്‍പ് രത്‌നാകരന്‍ പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവില്‍ കൃഷി ചെയ്യുന്നതിനായാണ് കിളച്ചത്. നാണയശേഖരം കണ്ടയുടന്‍ കിളിമാനൂര്‍ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പുരാവസ്തു വകുപ്പു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. ക്ലാവ് പിടിച്ചതിനാല്‍ ലാബില്‍ പരിശോധന നടത്തിയാല്‍ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാന്‍ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതല്‍ പരിശോധിക്കാന്‍ വീണ്ടും എത്തുമെന്നു പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാര്‍ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.