മംഗലാപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച രണ്ടു പേരുടെ കുടുംബത്തിന് പത്തു ലക്ഷം വീതം നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഡിസംബര്‍ പത്തൊമ്പതിന് വ്യാഴാഴ്ചയാണ് പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് രണ്ടു പേര്‍ തോക്കിന്റെ ഉണ്ട തുളച്ചുകയറി കൊല്ലപ്പെടുകയായിരുന്നു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടിരുന്നത്. ബന്തറിനടുത്ത് ബെംങ്ക്രയിലെ നൗഷീന്‍ (21), കന്തക്കിലെ ജലീല്‍ കുദ്രോളി (49) എന്നിവരാണ് കൊല്ലപ്പെട്ടത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ച മുതല്‍ മംഗളൂരുവിലും പരിസരപ്രദേശങ്ങളിലും കനത്ത സംഘര്‍ഷാവസ്ഥയാണ് സംജാതമായിട്ടുള്ളത്. വൈകുന്നേരത്തോടെ ബന്തറിനടുത്ത് ഉണ്ടായ വെടിവെപ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. പൗരത്വഭേദഗതി ബില്ലിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. പ്രകടനം അക്രമാസക്തമായതോടെ പൊലീസ് ലാത്തിചാര്‍ജും ടിയര്‍ ഗ്യാസും പ്രയോഗിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വകവെക്കാതെയായിരുന്നു പ്രതിഷേധം നടന്നത്. പ്രകടനക്കാതെ പൊലീസ് വിരട്ടിയോടിച്ചെങ്കിലും വൈകുന്നേരം നാലരമണിയോടെ ബന്തര്‍ ഭാഗത്ത് പൊലീസിനെതിരെ കല്ലേറും അക്രമവും ഉണ്ടാവുകയായിരുന്നു. സ്ഥിതി കൂടുതല്‍ വഷളായതോടെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പി.എസ് ഹര്‍ഷ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.