മംഗളൂരു:കാസർകോട് സ്വദേശിയായ യുവാവിനെ മംഗളൂരുവിൽ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾകൂടി ഉള്ളാൾ പോലീസിൽ കീഴടങ്ങി. കാസർകോട് പുത്തിഗെപള്ളയിൽ അനന്ത ശർമയുടെ മകൻ സി.എച്ച്.സുദർശനെ(20) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുമ്പളയിലെ രാകേഷ്, തൊക്കോട്ട് വൊലാപേട്ടയിലെ ബെന്നി, പുത്തൂരിലെ ശ്രീജിത്ത് എന്നിവരാണ് കീഴടങ്ങിയത്.
മുഖ്യപ്രതി തൊക്കോട്ട് കാപ്പിക്കാട്ട് താമസിക്കുന്ന മഞ്ചേശ്വരം സ്വദേശി ഡി.കെ.രക്ഷിത് ഞായറാഴ്ച കീഴടങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ് സുദർശൻ കൊല്ലപ്പെട്ടത്. രക്ഷിതിന്റെ സുഹൃത്തായ യുവതിയും ഇതരസമുദായത്തിൽപ്പെട്ട യുവാവും തീവണ്ടിയാത്രയ്ക്കിടെ സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തീവണ്ടിയിൽ ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് യാത്രചെയ്ത സുദർശനാണ് ഇത് ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് യുവതി സുദർശനെതിരെ ഉള്ളാൾ പോലീസിൽ പരാതിയും നൽകിയിരുന്നു. ബെംഗളൂരുവിലായിരുന്ന രക്ഷിത് സംഭവമറിഞ്ഞതോടെ സുഹൃത്തുക്കളെയും കൂട്ടി നാട്ടിലെത്തി. സുദർശനോട് സംഭവം ഒത്തുതീർപ്പാക്കാൻ ദർലക്കട്ട കുത്താറിലെ ഒരുക്ഷേത്രത്തിലെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം എത്തിയ സുദർശനെ തൊക്കോട്ട് ബസ്സിറങ്ങിയ ഉടൻ രക്ഷിതിന്റെ മഡ്യാറിലെ വാടകവീട്ടിലെത്തിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് മൃതദേഹം ഉള്ളാൾ കാപ്പിക്കാട് ഉല്ലബയൽ കശുമാവ് ഗവേഷണ കേന്ദ്രത്തിനു സമീപം റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചു. ഇതിനുശേഷം പ്രതി രക്ഷിത് തന്നെയാണ് പോലീസ് സ്റ്റേഷനിൽ വിളിച്ച് കൊല നടത്തിയ കാര്യം അറിയിച്ചത്.