പുൽപള്ളി∙ കോളറാട്ടുകുന്ന് പൈക്കമൂല കോളനിയിലെ വിജയന്റെ മരണം കൊലപാതകമാണെന്നു പൊലീസ്. ബന്ധുവും അയൽവാസിയുമായ ഗോപി(37) മദ്യലഹരിയിൽ വിജയന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതു കണ്ടെന്ന് കോളനിക്കാർ മൊഴി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കേണിച്ചിറ എസ്ഐ സി.ഷിജുവും സംഘവും അറസ്റ്റ് ചെയ്ത ഗോപിയെ കോടതി റിമാൻഡ് ചെയ്തു. വിജയന്റെ തലയിലെ പരുക്ക് വീഴ്ച മൂലവും സംഭവിക്കാമെന്നായിരുന്നു പോസറ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ നിഗമനം.
എന്നാൽ കോളനിയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ്, വിജയനെ ഗോപി ആക്രമിക്കുന്നതു കണ്ടെന്ന മൊഴി ലഭിച്ചത്. വിജയൻ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുവെന്ന പരാതിയുമായി ഗോപി ആദ്യമേ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. 27നു വൈകിട്ടാണ് വിജയനും ഗോപിയും തമ്മിൽ സംഘർഷമുണ്ടായത്. ബന്ധു മരിച്ച വിവരം അറിയിക്കാത്തതു സംബന്ധിച്ചായിരുന്നു തർക്കം. ഇരുവരും കല്ലെടുത്ത് പരസ്പരം തലയ്ക്കടിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന വിജയൻ അവിടെ വീണുകിടന്നു.