ഭർതൃവീട്ടുകാർക്ക് മരുന്ന് നൽകി മയക്കി; നവവധു പണവും ആഭരണങ്ങളുമായി മുങ്ങി


ബദ്വാൻ∙ ഭർത്താവിന്റെ വീട്ടുകാർക്ക് അത്താഴത്തിൽ മയക്കുമരുന്നു നൽകി ഉറക്കി കിടത്തി നവവധു പണവും ആഭരണങ്ങളുമായി കടന്നു. ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിലെ ഛോട്ടാ പാരയിലാണു സംഭവം. രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോഴാണ് ആഭരണങ്ങളും പണവുമായി വധു മുങ്ങിയ കാര്യം കുടുംബാംഗങ്ങൾ അറിയുന്നത്.


ഡിസംബർ ഒൻപതിനായിരുന്നു ഛോട്ട പാര സ്വദേശി പ്രവീണും അസംഗർ സ്വദേശി റിയയുമായുള്ള വിവാഹം. ടിങ്കു എന്ന ഇടനിലക്കാരനാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. വിവാഹശേഷം ഇയാൾ വധുവിനൊപ്പം പ്രവീണിന്റെ വീട്ടിലേക്ക് അനുഗമിച്ചിരുന്നു. ടിങ്കുവിനെയും കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്നു പൊലീസ് പറഞ്ഞു. റിയയ്ക്കൊപ്പം ടിങ്കുവിനു വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.

വിവാഹത്തിനു തൊട്ടുമുൻപ് റിയ ദരിദ്ര കുടുംബത്തിലെ അംഗമാണെന്നും വിവാഹ ആഭരണങ്ങൾ വാങ്ങാൻ പണമില്ലെന്നും പറഞ്ഞു പലതവണ പണം കൈപ്പറ്റിയിരുന്നതായി പ്രവീണിന്റെ അച്ഛൻ പറഞ്ഞു. 70,000 രൂപയും മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും കാണാതായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
'ഭാര്യ ഒരിക്കലും തന്നെ ഇങ്ങനെ വഞ്ചിക്കുമെന്ന് കരുതിയില്ല. എന്റെ കുടുംബം ഇപ്പോൾ നാട്ടുകാരുടെ മുൻപിൽ നാണംകെട്ടു. സാമ്പത്തികമായും തകർന്നു പോയി. എത്രയും വേഗം റിയയെ അറസ്റ്റു ചെയ്യണം'-പ്രവീൺ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today