പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ, രാജ്യദ്രോഹക്കുറ്റം ചുമത്തി


ഇസ്​ലാമാബാദ്∙  പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു പാക്ക് കോടതി വധശിക്ഷ വിധിച്ചതായി പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. മുഷറഫ് കുറ്റക്കാരനാണെന്നു 2014-ല്‍ വിധിച്ചിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. 

അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഡിസംബര്‍ 5-നുള്ളില്‍ മൊഴി നല്‍കണമെന്ന് പാക്കിസ്ഥാന്‍ കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 

അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷക്കപ്പെട്ട നവാസ് ഷെരീഫ്,  ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today