കൊടുമൺ ∙ അങ്ങ് ഡൽഹിയിൽ മാത്രമല്ല, നാട്ടിലും താരമായി പ്രവീൺ പരമേശ്വർ. രാജ്യത്തെ താടിക്കാരിലെ ചാംപ്യനാണീ കൊടുമൺ സ്വദേശി. 7 വർഷം കൊണ്ട് വളർത്തിയെടുത്ത 38 ഇഞ്ച് താടിയുടെ ഉടമ എന്നതിലുപരി സിനിമാ താരം കൂടിയാണ്. ഗുരുഗ്രാമിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലാണ് ഒന്നാം സ്ഥാനം നേടിയത്. ഇതുവരെ രാജസ്ഥാനും പഞ്ചാബും ആയിരുന്നു ആധിപത്യം നേടിയിരുന്നത്. ടെക്നോ പാർക്കിൽ ഐടി എൻജിനീയറായിരുന്ന പ്രവീണിന്റെ സിനിമാ മോഹമാണ് താടിയെയും വളർത്തിയത്.
ആദ്യ സിനിമ ടമാർ പഠാർ. പിന്നീട് കലി, ഇടി, ഷേർലക്ക് ഹോംസ്, ഗാനഗന്ധർവൻ, സൺഡേ ഹോളിഡേ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. അസോഷ്യേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. 7 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ അപേക്ഷ നൽകിയപ്പോൾ താടി കുറവായതിന്റെ പേരിൽ തഴയപ്പെട്ട സംഭവം ഇപ്പോഴും പ്രവീൺ ഓർക്കുന്നു. പിന്നീട് അതൊരു വാശിയിലേക്കു മാറി. തുടർന്ന് താടി എടുത്തിട്ടില്ല. ഉള്ളത് വെട്ടി വൃത്തിയായി സൂക്ഷിക്കുന്നു. സ്വന്തമായി കഥ എഴുതി സിനിമ നിർമിക്കാനുള്ള ഒരുക്കത്തിലാണ് പ്രവീൺ.