സസാറാം (ബിഹാർ) ∙ ബലാത്സംഗ ശ്രമത്തിന് ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ പിതാവെന്ന് പൊലീസ്. ബലാത്സംഗ ശ്രമം പുറത്തറിഞ്ഞതിൽ ഉണ്ടായ നാണക്കേടാണ് കൊലപാതകത്തിലേക്കു നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെയും മറ്റു രണ്ടു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.
ബിഹാറിലെ റോഹ്താസ് ജില്ലയിലെ രാജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ഞായറാഴ്ച ഇരുപതുകാരിയായ പെൺകുട്ടിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇത് പ്രദേശത്ത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. ചൊവ്വാഴ്ച പെൺകുട്ടിയുടെ കഴുത്തിൽ വെടിയേൽക്കുകയും ചെയ്തു. പീഡനശ്രമത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരാണെന്ന വ്യാജേന എത്തിയവരാണ് മകളെ വെടിവച്ചതെന്നായിരുന്നു പിതാവ് പൊലീസിനു നൽകിയ മൊഴി.
എന്നാൽ പിതാവിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് അയാളുടെ മൊബൈൽ ഫോൺ നിരീക്ഷിക്കാൻ തുടങ്ങി. ഫോൺകോളുകൾ ടാപ്പ് ചെയ്തതോടെ അയാൾ സംസാരിച്ച ദുക്കാൻ ചൗധിരിയെന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു. ചൗധിരിയിലൂടെ പെൺകുട്ടിയുടെ പിതാവിനെയും അയാൾക്ക് ആയുധങ്ങളും മറ്റും നൽകി സഹായിച്ച സഞ്ജയ് ചൗധിരിയെന്ന ആളെയും അറസ്റ്റു ചെയ്തു.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അഞ്ചു പേരെയും അറ്സറ്റു ചെയ്തിരുന്നു, എന്നാൽ മകൾ പീഡനത്തിനിരയായതും പുറത്തറിഞ്ഞതും കടുത്ത നാണക്കേട് സൃഷ്ടിച്ചെന്നും അതാണ് കൊലപാതകത്തിനു പിതാവിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു