എട്ടു വയസ്സുകാരിക്കു പീഡനം; പ്രതിക്കു നേരെ കയ്യേറ്റം, മരത്തടിയും ഇരുമ്പുവടികളുമായി യുവാക്കളും സ്ത്രീകളും


വാളയാർ ∙ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതിനിടെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ലുകൾ നാട്ടുകാർ അടിച്ചു തകർത്തു. ഇന്നലെ രാത്രി 7.15നാണു പ്രതി കോങ്ങാംപാറ സ്വദേശി സുബ്രഹ്മണ്യനെ (55) തെളിവെടുപ്പിന് എത്തിച്ചത്. ജീപ്പിൽനിന്നു പ്രതിയെ ഇറക്കാൻ സാധിക്കാത്ത വിധത്തിൽ നാട്ടുകാർ സ്ഥലം വള‍ഞ്ഞു. മരത്തടിയും ഇരുമ്പുവടികളുമായി യുവാക്കളും സ്ത്രീകളും മുന്നോട്ടു വന്നതോടെ കൂടുതൽ പൊലീസുകാർ എത്തി. 

ഇരുമ്പുവടി ഉപയോഗിച്ചു പ്രതിയെ അടിക്കാൻ ശ്രമിച്ചപ്പോഴാണു ജീപ്പിന്റെ ചില്ല് തകർന്നത്. ഒടുവിൽ എസ്ഐ മനോജ് ഗോപിയും സംഘവും നാട്ടുകാരുമായി സംസാരിച്ചു തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കി മടങ്ങി. മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണു സുബ്രഹ്മണ്യനെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കൾ പരാതി നൽ‍കിയതോടെ ജീവനൊടുക്കുമെന്നു ഭീഷണി മുഴക്കി പ്രതി തമിഴ്നാട്ടിലേക്കു മുങ്ങി. 


എസ്ഐയുടെയും സ്പെഷൽ എഎസ്ഐ മധുസൂധനന്റെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം അയൽവാസിയുടെ സഹായത്തോടെ പ്രതിയെ തന്ത്രപൂർവം നാട്ടിലെത്തിച്ചായിരുന്നു അറസ്റ്റ്. സ്കൂളിൽ കൗൺസിലിങ്ങിനിടെയാണു കുട്ടി പീഡനവിവരം അറിയിച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today