പാമ്പിൻ ഭീതിയൊഴിയാതെ സ്കൂൾ പരിസരം, വീണ്ടും വിദ്യാർത്ഥി ക്ക് പാമ്പ് കടിയേറ്റു


ബത്തേരി ∙ സ്കൂള്‍മുറ്റത്തു നിന്നു പാമ്പുകടിയേറ്റ രണ്ടാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരിക്കു സമീപം ബീനാച്ചി ഗവ. എച്ച്എസ്എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണു മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവില്‍ കഴിയുന്നത്.

കുട്ടിക്ക് പാമ്പുകടിയേറ്റതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആന്റിസ്നേക് വെനം കൊടുത്തുതുടങ്ങി. ബീനാച്ചി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും കാപ്പാത്ത് സുലൈമാന്‍- ഫാത്തിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് റെയ്ഹാനാണ് പാമ്പുകടിയേറ്റത്. 


പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനായി മുറ്റത്തേക്കിറങ്ങിയപ്പോഴാണു പാമ്പുകടിയേറ്റത്. എന്നാല്‍, അധ്യാപകരെ വിവരം അറിയിക്കാതെ നേരെ സകൂളിനടുത്തുള്ള വീട്ടിലേക്കാണു കുട്ടി നേരെ പോയത്. മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനാല്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. മാതാപിതാക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അധ്യാപകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തി. 

ഇന്ന് ഉച്ചയോടെ സ്കൂളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമ്പുകടിയേറ്റുവെന്നും സ്കൂള്‍ മുറ്റത്തു പാകിയ ടൈലിനുള്ളില്‍ പാമ്പിനെ കണ്ടുവെന്നും കുട്ടി രക്ഷിതാക്കളോടു പറഞ്ഞു. കാലില്‍ പാമ്പുകടിച്ചതിനു സമാനമായ മുറിവുകളുമുണ്ട്. 

വയനാട് ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി ഷെഹ്‍ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച് ഒരു മാസം തികയുന്നതിനു മുൻപാണ് ജില്ലയിൽ വീണ്ടും വിദ്യാർഥിക്കു പാമ്പു കടിയേറ്റെന്ന വാർത്ത പുറത്തുവരുന്നത്. കഴി​ഞ്ഞ മാസം 20മാണ് ക്ലാസ് മുറിക്കുള്ളിലെ പൊത്തിൽ കാലു കുടുങ്ങിയ ഷെഹ്‌ലയെ പാമ്പു കടിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷെഹ്‌ല മരണത്തിന് കീഴടങ്ങുകയായിരുന്നു
Previous Post Next Post
Kasaragod Today
Kasaragod Today