തളങ്കര ഭൂമി കയ്യേറ്റം നടപടിയുമായി റവന്യു അധികൃതർ


കാസർകോട്
തളങ്കര തീരദേശ പൊലീസ്‌ സ്‌റ്റേഷന്‌ സമീപം പുറമ്പോക്ക്‌ ഭൂമി വ്യാപകമായി മണ്ണിട്ട്‌ നികത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന്‌ താലൂക്ക്‌ ഓഫീസ്‌ അധികൃതർ. മാധ്യമങ്ങളിലെ വാർത്തകളെ തുടർന്ന്‌ സംഭവം ശ്രദ്ധയിൽപെട്ടതായും സർക്കാർ സ്ഥലം സംരക്ഷിക്കാനാവശ്യമായ  നടപടി സ്വീകരിക്കുമെന്നും കാസർകോട്‌ അഡീഷണൽ തഹസിൽദാർ ജി സുരേഷ്‌ബാബു പറഞ്ഞു. കടൽതീരത്തെ പുറമ്പോക്ക്‌ ഭൂമി  മണ്ണിട്ട്‌ നികത്തി കൈയേറുന്നത്‌ സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത്‌ "ദേശാഭിമാനി'യാണ്‌. ഇതേ തുടർന്നാണ്‌ റവന്യു അധികൃതർ പരിശോധന ശക്തമാക്കി നടപടിയിലേക്ക്‌ നീങ്ങുന്നത്‌. 
ആസൂത്രിതമായ കൈയേറ്റമാണ്‌ നടക്കുന്നതെന്നും ഇതിനുപിന്നിൽ വൻ മാഫിയാസംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന്‌ സംശയിക്കുന്നതായും സ്ഥലം സന്ദർശിച്ച്‌ അഡീഷണൽ തഹസിൽദാർ പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. രണ്ടുദിവസത്തിനകം കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട്‌ കലക്ടർക്ക്‌ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കടലോര സംരക്ഷണത്തിനും കടൽതീരം ശുചീകരണത്തിനും നിരവധി പരിപാടികൾ നടപ്പാക്കുമ്പോഴാണ്‌ നിയന്ത്രണമില്ലാതെ ലോഡുകണക്കിന്‌ മണ്ണും കെട്ടിട അവശിഷ്ടങ്ങളും തള്ളി തണ്ണീർതടം നികത്തുന്നത്‌. കാസർകോട് തീരദേശ പൊലീസ് സ്റ്റേഷൻ വളപ്പിലും ഫിഷറീസ് വകുപ്പിന്റെ പഴയ ലേലഹാളിനും സമീപമാണ്  നികത്തുന്നത്.  
തീരദേശ പരിപാലന നിയമം നിലനിൽക്കെ കെട്ടിട നിർമാണത്തിന് നിയന്ത്രണമുണ്ടെങ്കിലും  ഇവിടെ അനധികൃത കെട്ടിടങ്ങൾ അനുദിനം ഉയരുകയാണ്‌. പ്രദേശത്തിന്റെ ജൈവീകത  നശിപ്പിക്കുന്ന വിധമാണ്‌ മണ്ണും മാലിന്യങ്ങളും നിക്ഷേപിക്കുന്നതെന്ന്‌ ബോധ്യപ്പെട്ടതായും തളങ്കര വില്ലേജ്‌ ഓഫീസർ ബദറു ഹുദ്ദ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today