ഡോൺ തസ്ലീം വധം അന്വേഷണം നിർണായക ഘട്ടത്തിൽ,കസ്റ്റഡിയിൽഉള്ളത് 16പേർ,കൊലപാതകത്തിന് പിന്നിൽ ചെമ്പരിക്ക സ്വദേശിയും, അറെസ്റ് ഉടൻ ഉണ്ടാകും,തസ്‌ലീമിൽ നിന്ന് രഹസ്യം പുറത്ത് വരുമെന്ന ഭയം കൊലപാതകത്തിലേക്ക് നയിച്ചു


മംഗളൂരു:കാസർകോട്ടെ ഗുണ്ടാനേതാവ് ചെമ്പരിക്ക സ്വദേശി ’ഡോൺ തസ്‌ലിം’ എന്ന സി.എം.മുഹ്തസിമിന്റെ (മുഹമ്മദ് തസ്‌ലിം-39) കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം നിർണായക ഘട്ടത്തിൽ.

തസ്‌ലിമിനെ വധിക്കാനുള്ള ഗൂഡാലോചന ഒരുവർഷംമുമ്പുതന്നെ തുടങ്ങിയതായും നാട്ടിലും വിദേശത്തുമുള്ള സ്വർണ-മദ്യ മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ കൊലപാതകം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും ആരെയും കർണാടക പോലീസ് അറസ്റ്റുചെയ്തിട്ടില്ല. അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടുമില്ല.

തസ്‌ലിം വധവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നാലുപേരെ ഉൾപ്പെടെ 16 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് അറിയുന്നത്. വിദേശത്തുള്ള നാലുപേരെ കസ്റ്റഡിയിലെടുക്കാൻ ഇന്റർപോളിന്റെ സഹായം തേടുന്നതായും സൂചനയുണ്ട്. മംഗളൂരുവിലെ ജുവലറി മോഷണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേ തസ്‌ലിം സഹ തടവുകാരനോട്‌ വെളിപ്പെടുത്തിയ കാര്യങ്ങൾ ജയിലിലെ ചാരന്മാർവഴി പുറത്തെ ഗുണ്ടാസംഘത്തിന്റെ അറിവിലെത്തിയതായും ഈ വിവരങ്ങൾ പുറത്തുപോയാൽ തങ്ങൾ അപകടത്തിലാകുമെന്ന്‌ ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് രഹസ്യവിവരം.

മംഗളൂരു ജയിലിൽ കഴിയവെ തസ്‌ലിമിനെതിരെ ജയിലിനകത്ത് വധഭീഷണി ഉയർന്നതോടെയാണ് ഇയാളെ ഗുൽബർഗ ജയിലിലേക്ക്‌ മാറ്റിയത്. ഉപ്പള സ്വദേശികളായ മൂന്നുപേരും ചെമ്പരിക്കയിലെ ഒരാളുമാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നാണ്‌ സൂചന. തസ്‌ലിമിന്റെ മൃതദേഹം കണ്ടെടുത്ത കാർ കണ്ണൂർ സ്വദേശിയിൽനിന്ന് വാടകയ്ക്ക് എടുത്ത് കടത്തിക്കൊണ്ടുപോയതാണ്. ഇതു നഷ്ടപ്പെട്ടതായി കണ്ണൂർ സ്വദേശി പോലീസിൽ അന്നുതന്നെ പരാതിയും നൽകിയിരുന്നു. ഈ കാർ പല ആളുകളിലൂടെ തസ്‌ലിമിന്റെ കൈയിലെത്തി. ഇയാളിത് പൈവളികയിലെ ഒരു ക്രിമിനൽസംഘത്തലവന്‌ കൈമാറിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today