കാസർകോട്ട് വൻ കഞ്ചാവ് വേട്ട, 22കിലോ കഞ്ചാവ് പിടികൂടി, പ്രതികൾക്കായി തിരച്ചിൽ തുടരുന്നു


മഞ്ചേശ്വരം : മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. ഇന്ന് രാവിലെ 7 മണിക്ക് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ നിന്നും മംഗലാപുരത്തു നിന്നും കാസര്‍ഗോഡേക്ക് പോവുകയായിരുന്ന കെ എ 19 എഫ് 3435 നമ്പര്‍ കര്‍ണ്ണാടക ആര്‍ടിസി ബസില്‍ നിന്നാണ് 11 പാക്കറ്റുകളില്‍ 2 ബാഗുകളിലായി സൂക്ഷിച്ച 22 കിലോ കഞ്ചാവാണ് മഞ്ചേശ്വരം സിഐ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയില്‍ ഒരാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടി. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും സി ഐ സച്ചിദാനന്ദന്‍ അറിയിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിബി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍ വി ബാബു,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, നിധീഷ് വൈക്കത്ത് എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

അതേ സമയം സി ഐ സച്ചിദാനന്ദനെ കാസര്‍ഗോഡ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ അനില്‍കുമാര്‍ നേരിട്ടെത്തി അഭിനന്ദിച്ചു. സച്ചിദാനന്ദന്‍ ചാര്‍ജെടുത്തതിന് ശേഷം മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍ന്ന് നിരവധി തവണ പാന്‍മസാലകളും, കഞ്ചാവും, കുഴല്‍പ്പണവും, സ്വര്‍ണ്ണവും വെള്ളിയുമടക്കം എക്‌സൈസ് പിടിച്ചെടുത്തിരുന്നു. ഇന്ന് 22 കിലോ കഞ്ചാവ് വേട്ടയിലൂടെ സി ഐ സച്ചിദാനന്റെ സര്‍വ്വീസില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി നേടിയിരിക്കുകയാണ്. സച്ചിദാനന്ദനെ പോലെയുള്ളവരെയാണ് സേനയ്ക്കാവശ്യമെന്നും, ഇങ്ങനെയുള്ള ഓഫസര്‍മാരെയാണ് ജനങ്ങള്‍ക്കും ആവശ്യമെന്നും കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ വാഹന പരിശോധന കര്‍ശമാക്കുമെന്ന് സി ഐ സച്ചിദാനന്ദന്‍ അറിയിച്ചു.

മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ പരിമിതികള്‍ ഏറെയാണ്. എക്‌സൈസ് സംഘത്തിന് ഉപയോഗിക്കാന്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഇവിടെയില്ല. മുമ്പ് പരിശോധനകള്‍ക്കായും മറ്റും ഉപയോഗിക്കാന്‍ ഒരു ജീപ്പ് സംഘത്തിനുണ്ടായിരുന്നു. എന്നാല്‍ അത് കേടായതിനെത്തുടര്‍ന്ന് ഇപ്പോള്‍ ഉപയോഗിക്കാന്‍ എക്‌സൈസ് സംഘത്തിന് വാഹനമില്ല. വിശ്രമിക്കാന്‍ പെട്ടിക്കടയ്ക്ക് തുല്യമായ ഒരു ഓഫീസ് മാത്രമാണ്‌ചെക്‌പോസ്റ്റിന് സമീപത്തായി ഉള്ളത്. ഇവരുടെ ഊണും ഉറക്കവും എല്ലാം ഈ മുറിക്കുള്ളിലാണ്. ഈ പരിമിതികള്‍ക്കിടയിലും എക്‌സൈസ് സെഘത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.
Previous Post Next Post
Kasaragod Today
Kasaragod Today