സ്വന്തം ജീവൻ ബലി നൽകി പുഴയിൽ മുങ്ങിയ കുട്ടികളെ രക്ഷിച്ച കുമ്പളയിലെ അജിത്ത് കുമാറിന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുങ്ങി. കുമ്പള കുണ്ടങ്കറടുക്കയിൽ സിപിഐ എം കുമ്പള ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് സ്‌നേഹ വീട് നിർമിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ചെയർമാനും കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈർ കൺവീനറുമായ കുടുംബ സഹായ സമിതി 5.25 ലക്ഷം രൂപ ചെലവിട്ടാണ് ഭൂമി വാങ്ങിയത്. 830 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട് 10 ലക്ഷം രൂപ ചെലവിട്ടാണ് ഡിവൈഎഫ്‌ഐ നിർമിച്ചത്. യൂണിറ്റ്, വില്ലേജ്, മേഖലാ, ബ്ലോക്ക് ഘടകങ്ങളാണ് തുക സമാഹരിച്ചത്.
സിപിഐ എം കുമ്പള ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ബ്ലോക്ക് ട്രഷററുമായിരുന്ന അജിത്ത്‌കുമാർ കാരുണ്യ പ്രവർത്തനങ്ങളിലൂടെ പാവപ്പെട്ടവർക്ക് അത്താണിയായിരുന്നു. വീടില്ലാത്തവർക്കും വീടുണ്ടാക്കാനും രോഗികളുടെ ചികിത്സയ്‌ക്കും അജിത്ത് മുന്നിലുണ്ടായിരുന്നു. ബാലസംഘം ഏരിയാ ജോയിന്റ് കൺവീനറും സിപിഐ എം ഏരിയാ വളണ്ടിയർ വൈസ് ക്യാപ്‌റ്റനുമായിരുന്നു. നാട്ടുപ്പൊലിമ കലാവേദി മുഖ്യ സംഘാടകനായിരുന്നു. പൊതുസമൂഹത്തിൽ കത്തിജ്വലിച്ച് നിൽക്കവേയാണ് മരണം അജിത്ത്‌കുമാറിനെ കീഴടക്കുന്നത്. കഴിഞ്ഞവർഷം മെയ് 25ന് കർണാടക ബണ്ട്വാളിൽ പുഴയിൽ മുങ്ങിയാണ്‌മരിച്ചത്. ബന്ധുവിന്റെ വിവാഹത്തിനും വിനോദയാത്രക്കുമായി കുമ്പളയിലെ ബാലസംഘം പ്രവർത്തകരുമായി പോയതായിരുന്നു അദ്ദേഹം. പുഴയിൽ കുളിക്കവെ കുട്ടികളിൽ ചിലർ മുങ്ങി. നീന്തലറിയില്ലെങ്കിലും പുഴയിൽ ചാടിയ അജിത്ത്‌കുമാർ കുട്ടികളെ രക്ഷിക്കാൻ തുടങ്ങി. മുങ്ങിതാണ ബാലസംഘം മനീഷിനെ രക്ഷിക്കാൻ വീണ്ടും പുഴയിൽ ചാടിയ അജിത്ത്‌കുമാറും മുങ്ങിമരിച്ചു.
എല്ലാവർക്കും തണലായിരുന്നു അജിത്ത്‌കുമാറിന്റെ കുടുംബത്തിന് സ്വന്തമായി വീടുണ്ടായിരുന്നില്ല. കോയിപ്പാടിയിലെ കുടുംബ വീട്ടിലായിരുന്നു ഭാര്യ മനിതക്കും മക്കളായ അന്വേഷ് (8), സാൻവി (രണ്ടര) എന്നിവർക്കൊപ്പം താമസം. അജിത്തിന്റെയും മനീഷിന്റെയും കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് സമാഹരണത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. കാഞ്ഞങ്ങാട് കിസ സാംസ്‌കാരിക വേദി ഒരു ലക്ഷം രൂപ നൽകി. നാട്ടുകാരും പ്രവാസികളും വ്യാപാരി, വ്യവസായികളും, ഏരിയയിലെ പാർടി ബ്രാഞ്ചുകളും സഹായിച്ചു. ഫണ്ടിൽ മനീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും. ബാക്കിയുള്ള തുക അജിത്തിന്റെ അച്ഛൻ ചന്ദ്രശേഖരനും അമ്മ വാരിജക്കും മക്കൾക്കും നൽകും. വീടിന്റെ താക്കോൽദാനം 26ന് വൈകിട്ട് നാലിന് കുമ്പളയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കുടുംബ സഹായനിധി സി എച്ച് കുഞ്ഞമ്പു കൈമാറും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടി എ എ റഹിം, പ്രസിഡന്റ് എ സതീഷ്‌എന്നിവർ പങ്കെടുക്കും.