കാസര്‍കോട്: കൊറോണ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കറങ്ങിയ ശേഷം കോടതിയിലെത്തിയ കമിതാക്കളെ മജിസ്‌ട്രേറ്റ് ശാസിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയായ 36 കാരിയും കാമുകനും ഓട്ടോ ഡ്രൈവറായ മുപ്പത്തിനാലുകാരനുമാണ് ഇന്നലെ ഉച്ചയോടെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരായത്.
ഒരാഴ്ചമുമ്പാണ് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി ഓട്ടോഡ്രൈര്‍ക്കൊപ്പം ഒളിച്ചോടിയത്. ഒമ്പത് പവന്‍ സ്വര്‍ണ്ണവും പണവുമായാണ് യുവതി വീടുവിട്ടത്. ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കമിതാക്കള്‍ കോടതിയില്‍ ഹാജരായത്. താന്‍ സ്വമേധയാ ആണ് കാമുകനോടൊപ്പം പോയതെന്നും എറണാകുളം അടക്കമുള്ള പ്രദേശങ്ങളില്‍ എത്തിയെന്നും യാത്ര ചെയ്തത് ട്രെയിനിലാണെന്നും യുവതി കോടതിയെ ധരിപ്പിച്ചു. കൊറോണ സംശയിക്കപ്പെട്ട് നിരവധി പേര്‍ നിരീക്ഷണത്തിലുള്ള എറണാകുളത്ത് പോയ കമിതാക്കള്‍ കാണിച്ച ജാഗ്രതക്കുറവിനെ രൂക്ഷമായി വിമര്‍ശിച്ച മജിസ്‌ട്രേറ്റ് വൈദ്യ പരിശോധനക്ക് വിധേയരാകാന്‍ രണ്ടുപേര്‍ക്കും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഇതിനായി പൊലീസിനെ ചുമതലപ്പെടുത്തി. കാമുകനോടൊപ്പം പോകാനാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.