കാസർകോട് ∙ കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് താലൂക്കിലെ 47കാരൻ ആശുപത്രിയിലെത്തിയത് ദുബായിൽ നിന്നു വന്ന് 5 ദിവസത്തിനുശേഷം. ഇതോടെ ഇത്രയും ദിവസത്തിനുള്ളിൽ ഇദ്ദേഹം ഏതൊക്കെ സ്ഥലത്ത് സഞ്ചരിച്ചുവെന്നതിനെക്കുറിച്ച് അറിയുന്നതിനായി ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.
കാസർകോട്, മഞ്ചേശ്വരം എം എൽ എ മാർ വീട്ടിൽ നിരീക്ഷണത്തിൽ ഏർപ്പെടുത്തി
ജില്ലയിൽ ആദ്യ കോവിഡ് രോഗം സ്ഥിരീകരിച്ചതറിഞ്ഞു മാത്രമാണ് ഇയാൾ 17 ന് ആശുപത്രിയിൽ പോയി പരിശോധന നടത്തിയത്. 11നു രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇയാൾ ഒരു ദിവസം അവിടെ വിശ്രമിച്ച് പിറ്റേന്ന് രാവിലെയാണ് തിരുവനന്തപുരം–മംഗളൂരു മാവേലി എക്സ്പ്രസിലെ എക്സ് 9 റിസർവേഷൻ കംപാർട്ട്മെന്റിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയത്.
11നു രാവിലെ മുതൽ ഭക്ഷണം കഴിച്ച ഹോട്ടലുകൾ, താമസിച്ച ലോഡ്ജ്, റെയിൽവേ സ്റ്റേഷൻ, ട്രെയിനിലെ എസ് 9 കംപാർട്ടമെന്റ്, കാസർകോട് റെയിൽവേ സ്റ്റേഷൻ, അവിടെ നിന്നു വീട്ടിലേക്ക് പോയ വാഹനം എന്നിവയും തുടർന്നു 17നു ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായി ദിവസം വരെയുള്ള പോക്കുവരുവുകളെ സംബന്ധിച്ചുള്ള വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കണം.
ഗൾഫിൽ നിന്നെത്തിയ ദിവസം മുതൽ ഇന്നലെ രോഗം സ്ഥിരീകരിക്കുന്നതുവരെ രോഗി ബന്ധപ്പെട്ടവരുടെയെല്ലാം വിവരങ്ങൾ ശേഖരിക്കണം. ഈ ദിവസങ്ങൾക്കുള്ളിൽ എത്ര പേർക്കു രോഗം പകർന്നിരിക്കാം എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.