ലോക്ഡൌണിൽ ക്ഷമ നശിച്ച് കുടിയന്മാർ, മദ്യാസക്തരായ കള്ളന്മാർ ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു കടത്തി

മംഗളൂരു: മദ്യാസക്തരായ കള്ളന്മാര്‍ ഒരുലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചുകടത്തി. മംഗളൂരു ഉള്ളാള്‍ നിത്യാനന്ദ നഗറിലെ മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വൈന്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചേയാണ് കവര്‍ച്ച നടന്നത്. കുത്തര്‍ പദവിലെ പുരുഷോത്തം പിലാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അടഞ്ഞുകിടക്കുകയാണ് മംഗളൂരുവിലെ വൈന്‍ ഷോപ്പുകള്‍. രാവിലെ പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഉടമ സംഭവം അറിയുന്നത്.
ഷര്‍ട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ വിലകുറഞ്ഞതും വിലകൂടിയതുമായ ബ്രാന്റുകള്‍ ഉള്‍പ്പെടുന്ന മദ്യബോട്ടിലുകള്‍ കടത്തിയിട്ടുണ്ട്. ഷോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറക്ക് മുന്നില്‍ കറുത്ത തുണിയിട്ടാണ് മദ്യംകുപ്പികള്‍ മോഷ്ടിച്ചത്. സ്ഥലം വിടുന്നതിന് മുമ്പായി സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും തകര്‍ത്തെടുത്തിരുന്നു. വൈന്‍ ഷോപ്പിനടുത്തുള്ള പാന്‍ കടയില്‍ നിന്ന് പത്ത് പാക്കറ്റ് സിഗരറ്റും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പത്ത് തവണ സമാനമായ മോഷണം നടന്നതായി പാന്‍ ഷോപ്പ് ഉടമ പൊലീസിനോട് പറഞ്ഞു. മോഷണം സംബന്ധിച്ച് ഷോപ്പുടമ കൊണാജെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ലോക്ക് ഡൗണ്‍ സമയത്ത് രാവിലെ തന്നെ തുറന്നുകിടക്കുന്ന വൈന്‍ ഷോപ്പു കണ്ടതോടെ ചിലര്‍ മദ്യം വാങ്ങാനെത്തി. പൊലീസെത്തി ലാത്തിവീശി ആള്‍ക്കാരെ ഒഴിപ്പിക്കുകയായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today