ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി. ഒടുവില്‍ തുണയായി കാസർകോട്ടെ ആരോഗ്യ പ്രവര്‍ത്തകരും പോലീസും

കാസര്‍കോട്: ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി. ഒടുവില്‍ ഇയാള്‍ക്കു തുണയായി എത്തിയ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇയാളെ കൊവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചു സംരക്ഷിച്ചു. നിരീക്ഷണ കാലം കഴിഞ്ഞാല്‍ ഭിന്നിച്ചു നില്‍ക്കുന്ന ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍. മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലുവില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. കോഴിക്കോട് ഹോട്ടല്‍ ജോലിയാണെന്നു പറയുന്ന 55 കാരനാ ണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയത്.

മൂന്ന് മക്കളുടെ അമ്മയായ ഭാര്യ അകത്തു കയറ്റിയില്ല. ഇത്രയും കാലം ചെലവിനു നല്‍കാതിരുന്ന ഭര്‍ത്താവിനെ കൊവിഡ് കാലം കൂടി ആയതിനാല്‍ ഭാര്യ വാതിലടച്ചു പുറത്താക്കി.

ആ രാത്രിയില്‍ വരാന്തയില്‍ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവര്‍ത്തകര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അറിയിച്ചു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കൊവിഡ് കെയര്‍ സെന്ററില്‍ എത്തിക്കുകയായിരുന്നു. ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയില്‍ നിന്നു ഭക്ഷണം നല്‍കി.

രാവിലെയും വൈകിട്ടും ഡയറ്റ് അധ്യാപകന്‍ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കള്‍ക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാള്‍ ചോദിക്കുന്നുണ്ട്. കൊവിഡ് കാലമായതിനാല്‍ ഭാര്യയുടെയും മക്കളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരോട് പങ്കുവയ്ക്കുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today