കാഞ്ഞങ്ങാട്: ആരോഗ്യമേഖലയിലെ അവഗണനയ്ക്കെതിരെ പ്രതിഷേധം ഉയരുന്പോഴും കാസർഗോഡിന് എയിംസ് ( ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അനുവദിക്കാനാകില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി സംസ്ഥാന സർക്കാർ. കേരളത്തിനുള്ള എയിംസ് കാസർഗോഡ് ജില്ലയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മയ്ക്ക് വേണ്ടി നിവേദനം നൽകിയ സാമൂഹ്യപ്രവർത്തകൻ പ്രേമചന്ദ്രൻ ചോന്പാലയ്ക്ക് നൽകിയ മറുപടിയിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ കെഎസ്ഐഡിസിയുടെ പക്കലുള്ള 200 ഏക്കർ സ്ഥലത്ത് എയിംസ് സ്ഥാപിക്കാവുന്നതാണെന്ന് 2017 ജനുവരിയിൽ സംസ്ഥാന സർക്കാർ അറിയിച്ചിട്ടുള്ളതിനാൽ നിവേദനത്തിലെ ആവശ്യം പരിഗണിക്കാനാവില്ലെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി പറയുന്നത്.
എന്നാൽ കോഴിക്കോടിനൊപ്പം കാസർഗോഡിനെ കൂടി പരിഗണിക്കാൻ കഴിയില്ലെന്ന് പറയുന്നത് അസംബന്ധമാണെന്ന് സാമൂഹ്യപ്രവർത്തകൻ അന്പലത്തറ കുഞ്ഞികൃഷ്ണൻ പറയുന്നു. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി നാലു പ്രപ്പോസലുകൾ കേന്ദ്രസർക്കാരിന് കൊടുത്തിരുന്നു. 2018ൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ടപ്പോൾ കാസർഗോഡിനെ കൂടി ഉൾപ്പെടുത്തി പ്രപ്പോസൽ നൽകാമെന്ന് നിവേദകസംഘത്തിന് ഉറപ്പ് നൽകിയതാണെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. എന്നാൽ മറ്റു ജില്ലകളെ ഒഴിവാക്കി കോഴിക്കോടിന് മാത്രമായി എൽഡിഫ് സർക്കാർ പ്രപ്പോസൽ നൽകുകയായിരുന്നു.
കോഴിക്കോട്ട് സിപിഎം സ്ഥിരമായി വിജയിക്കുന്ന ബാലുശേരി നിയോജകമണ്ഡലത്തിലാണ് കിനാലൂർ സ്ഥിതി ചെയ്യുന്നത്. മുതിർന്ന സിപിഎം നേതാവ് എളമരം കരീമിന്റെ പ്രത്യേകതാൽപര്യമാണ് കോഴിക്കോടിനെ മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണമെന്നാണ് സൂചന.
കോൺഗ്രസ് ഈ വിഷയം ഏറ്റെടുത്ത് സമരപരിപാടികൾക്ക് തുടക്കംകുറിച്ച് കഴിഞ്ഞു. അതേസമയം ഭരണകക്ഷിയായ സിപിഎമ്മും ജില്ലക്കാരനായ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
ആദ്യം കേന്ദ്രസർക്കാർ എയിംസ് അനുവദിക്കട്ടെ, ബാക്കി കാര്യം പിന്നീട് എന്നു പറഞ്ഞൊഴിയുകയാണ് ഇരുവരും. ഏതായാലും സമരപരിപാടികളിൽ നിന്നും പിന്നോട്ടില്ലെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. എയിംസിനായി രണ്ടുലക്ഷം ഒപ്പുശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കാന്പയിൻ തുടരും. ഒക്ടോബർ 15നു മുന്പായി മുഖ്യമന്ത്രിയെ നേരിൽകാണാനും പദ്ധതിയുണ്ട്
