'അന്ന് ദിലീപിന് അനുകൂലമായി പറഞ്ഞത് അപായപ്പെടുത്തുമെന്ന ഭയം മൂലം, തുറന്ന് പറഞ്ഞ് മാപ്പുസാക്ഷി കാസർകോട് കോട്ടിക്കുളം സ്വദേശി വിപിന്‍ ലാല്‍

 കാസര്‍കോട്: നടിയെ ആക്രമിച്ചതിൽ ദിലീപിന് പങ്കില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ താൻ നേരത്തെ പറഞ്ഞത് ഭയം മൂലം ആയിരുന്നുവെന്ന് മാപ്പുസാക്ഷി വിപിൻ ലാൽ. ആ സമയത്ത് താനും ജയിലിലായിരുന്നു. ജയിലിൽ ഉള്ള സമയത്ത് ദിലീപിനെതിരെ പറയണ്ടെന്നും കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജയിലിനുള്ളിൽ നിന്നുള്ള ചിലര്‍ അന്ന് പറഞ്ഞത് അനുസരിച്ചാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ ലാൽ പ്രതികരിച്ചു. 


ദിലീപ് അടക്കമുള്ള പ്രതികൾക്ക് എതിരെ മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും പൊലീസിന് നൽകിയ മൊഴിയും വിചാരണ കോടതിയിൽ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കി വിപിൻ ലാൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസർകോട് കോട്ടിക്കുളം സ്വദേശിയായ വിപിൻ ലാൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന്റെ സഹ തടവുകാരനായിരുന്നു. ഈ സമയത്ത് ഇയാൾക്ക് കത്ത് എഴുതി നൽകിയത് വിപിൻ ആയിരുന്നു.മൊഴിമാറ്റാൻ ആവശ്യപ്പെട്ട് നിരന്തരം ഭീഷണിക്കത്തുകൾ ലഭിക്കുന്നതായും വിപിൻ ലാൽ വ്യക്തമാക്കി. 'ആദ്യം അവര്‍ വന്ന് തന്‍റെ ബന്ധുവിനോട് സംസാരിച്ചു. ദിലീപിന്‍റെ ആളുകളെന്നായിരുന്നു പറഞ്ഞത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് അറിയിച്ചു. പിന്നീടാണ് ഭീഷണിക്കത്തുകൾ വന്നുതുടങ്ങിയത്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. 'നിന്നെ വന്ന് കണ്ടതല്ലേ, എന്നിട്ടും മൊഴി മാറ്റില്ലെന്നാണോ, എങ്കിൽ നിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.  

കുടുംബത്തിലേക്കാണ് കത്ത് വന്നത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിപിൻ വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today