ന്യൂഡൽഹി: വിവാദമായ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു. ബില്ലുകൾ കൃഷിക്കാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് അകാലിദൾ എൻഡിഎ വിട്ടത്.
അകാലിദൾ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായിരുന്നു. രണ്ട് പാർട്ടികളും പഞ്ചാബിലും കേന്ദ്രത്തിലും നിരവധി തവണ അധികാരം പങ്കിട്ടിട്ടുണ്ട്.
പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിന്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് എൻഡിഎയിൽ നിന്ന് പുറത്തുപോകാനുള്ള സുപ്രധാന തീരുമാനം ഉണ്ടായത്. നേരത്തെ മോദി മന്ത്രിസഭയിൽനിന്ന് അകലാദിളിന്റെ ഏക മന്ത്രി രാജിവച്ചിരുന്നു.
സുഖ്ബീർ സിംഗ് ബാദലിന്റെ ഭാര്യ കൂടിയായ ഹർസിമ്രത് കൗർ ആണ് മന്ത്രിസഭയിൽനിന്നും രാജിവച്ചത്. ബില്ലിന്റെചർച്ചയ്ക്കിടെ ലോക്സഭയിൽ സുഖ്ബീർ സിംഗ് മന്ത്രിയുടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.
വൻ കോർപറേറ്റുകളുടെ കരാർ കൃഷിക്ക് അനുകൂലമാവുന്ന ബിൽ ഇടത്തരം കൃഷിക്കാർക്ക് തിരിച്ചടിയാവുമെന്നും കർഷകരുടെ ഉത്പന്നങ്ങൾ കോർപറേറ്റ് താത്പര്യം നോക്കി വിൽക്കേണ്ടി വരുമെന്നുമാണ് അകാലദിൾ ആരോപിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമടക്കം ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നുവരികയാണ്.
കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഇരുസഭകളും ബഹിഷ്കരിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ഈ സമ്മേളന കാലയ ളവ് കഴിയുന്നതു വരെ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. അതിനിടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ പ്രധാനപ്പെട്ട മൂന്ന് തൊഴിൽ ബില്ലുകൾ അടക്കം പാസാക്കിയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
കാസര്‍ഗോഡ്: വിത്ത് മുതല്‍ വിപണി വരെ കുത്തകകള്‍ക്ക് അടിയറവ് വച്ചവരായി രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മാറിയെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ കാസര്‍ഗോഡ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കെ.ടി. സുഭാഷ് നാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എസ്.രഹ്ന, ജി. നാരായണന്, മുനീര്‍ ബാങ്കോട്, കമലാക്ഷ സുവര്‍ണ, പി.കെ.വിജയന്, ഉസ്മാന് കടവത്ത്, ഹരീന്ദ്രന്‍ ഈകോടന്, ഉസ്മാന് അണങ്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട്: ബിജെപി സർക്കാർ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത് ഇന്ത്യയിലെ കര്‍ഷകരുടെ മരണവാറന്റാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജി. രതികുമാര്‍. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വിറ്റഴിച്ച നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷകരെ കൂടി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക ബില്ലിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.ഗോപി, എന്‍.കെ.രത്നാകരന്, പത്മരാജന് ഐങ്ങോത്ത്, രവീന്ദ്രന് ചേടിറോഡ്, പ്രവീണ്‍ തോയമ്മല്‍, കെ.പി.മോഹനന്,വി.വി. സുധാകരന്, പ്രഭാകരന് വാഴുന്നോറടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചിറ്റാരിക്കാല്‍: കേന്ദ്ര കാര്‍ഷിക നയത്തിനെതിരെ ഈസ്റ്റ്എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിറ്റാരിക്കാല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു പടിഞ്ഞാറയില്‍ അധ്യക്ഷത വഹിച്ചു. ടോമി പ്ലാച്ചേരി, സൈമണ്‍ പള്ളത്ത്കുഴി, തോമസ് മാത്യു, സോണി സെബാസ്റ്റ്യന്‍ പൊടിമറ്റത്തില്‍, ഡൊമിനിക് കോയിത്തുരുത്തേല്‍, അഗസ്റ്റിന് ജോസഫ്, ജിസണ് ജോര്‍ജ്, ബാബു നമ്പ്യാര്‍, സന്തോഷ് ചൈതന്യ, ജോഷി തെങ്ങുംപള്ളി എന്നിവര്‍ പ്രസംഗിച്ചു.
മാവുങ്കാല്‍: കര്‍ഷക പ്രക്ഷോഭങ്ങളെ അവഗണിച്ച് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതാണ് കാര്‍ഷിക ബില്ലെന്ന് മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന് പറഞ്ഞു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനന്ദാശ്രമം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സതീശന് പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഡി. വി. ബാലകൃഷ്ണന്, ദിനേശന് മൂലക്കണ്ടം, എന്‍.വി.അരവിന്ദാക്ഷന് നായര്‍, ക്രസന്റ് മുഹമ്മദ് കുഞ്ഞി, ശ്രീനിവാസന് മഡിയന്‍, നാരായണന് മൂലക്കണ്ടം തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, ടി.കെ.നാരായണന്, എച്ച്.വിഘ്നേശ്വര ഭട്ട്, വി.കെ രാധാമണി, പി.സി. തോമസ്, എം.എം സൈമണ്‍, വി.കെ ബാലകൃഷ്ണന്, വിനോദ് മുണ്ടമാണി, ബി.അബ്ദുള്ള, സിജോ ടി. ചാമക്കാല എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിമാരായ സജി പ്ലാച്ചേരി സ്വാഗതവും റോയ് ആശാരികുന്നേല്‍ നന്ദിയും പറഞ്ഞു.
ഭീമനടി: കര്‍ഷകന്റെ മരണമണി മുഴക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ വെസ്റ്റ് എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീമനടി പോസ്റ്റ് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഡിസിസി വൈസ് പ്രസിഡന്റ് പി. ജി ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു. എ.സി. ജോസ്, ജി. മുരളി, ജേക്കബ് ജോസഫ്, അന്നമ്മ മാത്യു, രാജേഷ് തമ്പാന്, അഗസ്റ്റിന് മണലേല്‍, മാത്യു വര്‍ക്കി, ബിജു ഏലിയാസ്, പി. കെ. രവി, സവിതാ സുരേഷ്, പി. ടി. ജോസഫ്, എ. ജെ. ഷാജി, ഷെരീഫ് വാഴപ്പള്ളി, എന്‍.സി. മാധവന്, ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു.
