ടിആര്‍പി റേറ്റിങ്ങില്‍ റിപബ്ലിക് ടിവി കൃത്രിമത്വം കാണിച്ചു; അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് പോലിസ്

 മുംബൈ: അര്‍ണബ് ഗോസാമിയുടെ ഉടമസ്ഥതയിലുളള റിപബ്ലിക് ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചതായി മുംബൈ പോലിസ്. മൊത്തം മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. നിലവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റിപബ്ലിക് ചാനല്‍ ജീവനക്കാരെ രണ്ട് ദിവസത്തിനുളളില്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒപ്പം റേറ്റിങ്ങില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നേടിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന്‌ മുംബൈ പോലിസ് വ്യക്തമാക്കി. റിപബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പോലിസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെ മരവിപ്പിക്കുന്ന കടുത്ത നടപടികളാവും ഉണ്ടാവുക എന്നും പോലിസ് മേധാവി പരമവീര്‍ സിങ് പറഞ്ഞു.



ചാനലിന്റെ റേറ്റിംഗ് കണക്കാക്കുന്നതിനായി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഉപയോഗിക്കുകയും പിന്നീട് ഇതില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നിയമവിരുദ്ധമായി നേടിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ചാനലുകളെ കുറിച്ച്‌ പഠിക്കാന്‍ ബാര്‍ക്ക് കരാര്‍ നല്‍കിയ ഏജന്‍സിയായ ഹന്‍സ റിസര്‍ച്ച്‌ ഗ്രൂപ്പിലെ മുന്‍ ജീവനക്കാര്‍ക്ക് പണം നല്‍കിയാണ് റേറ്റിങ്ങില്‍ കൃത്രിമത്വം നടത്തിയതായി മുംബൈ പോലിസ് കണ്ടെത്തിയത്.

ടി‌ആര്‍‌പി റേറ്റിങ്ങില്‍ "അസാധാരണമായ പ്രവണതകള്‍" കണ്ടെത്തിയത് ഹന്‍സയും ബാര്‍ക്കുമാണ്. വഞ്ചന, ക്രിമിനല്‍ വിശ്വാസലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ക്രൈംബ്രാഞ്ച് കണ്ടിവാലി പോലിസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഹന്‍സയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ലോക്കറില്‍ നിന്ന് 8.5 ലക്ഷം രൂപയുമാണ് പോലിസ് കണ്ടെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today