ആലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്നാം ക്ലാസ്സുകാരന്‍ കയറില്‍ കുരുങ്ങി ശ്വാസം മുട്ടി മരിച്ചു. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌ക്കൂള്‍ മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയും വള്ളികുന്നം കാഞ്ഞിപ്പുഴ പ്ലാമൂട്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ - ഷഫീന ദമ്ബതികളുടെ മകനുമായ മുഹമ്മദ് ഇര്‍ഷാദ് (8) ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിന് മുറ്റത്തെ മാവില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ അടുത്ത് മറ്റാരും ഉണ്ടായിരുന്നില്ല.
ഉമ്മയും സഹോദരങ്ങളും വീടിനുള്ളിലായിരുന്നു. മാവില്‍ ഊഞ്ഞാലിനായി കെട്ടിയിരുന്ന കയറില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു. പുറത്ത് മകന്റെ അനക്കം കാണാതെ അന്വേഷിച്ചെത്തിയ മാതാവാണ് കുഞ്ഞ് കയറില്‍ കുരുങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പതിവായി വീടിന് മുന്നിലെ ചെറിയ മാവിന്‍ കൊമ്ബില്‍ കയറി കളിക്കുന്നത് പതിവായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. വിദേശത്തുള്ള പിതാവ് എത്തിയാലുടന്‍ കാഞ്ഞിപ്പുഴ മുസ്ലിം ജമാ അത്ത് പള്ളിയില്‍ ഖബറടക്കും. ഇര്‍ഫാന്‍(18), ആലിയ(13) എന്നിവര്‍ സഹോദരങ്ങളാണ്.
