മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് തെക്കില്‍ സ്വദേശി അബ്ദുള്‍ റഷീദില്‍നിന്നാണ് 18 ലക്ഷം രൂപ വരുന്ന 350 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാവിലെ 6.30 ന് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു അബ്ദുള്‍ റഷീദ്. ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ചോക്ലേറ്റ് ബോക്സിനുള്ളിലും ലോഡീസ് ബാഗിനുള്ളിലുമായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം.
ശനിയാഴ്ച രാത്രി മസ്കറ്റില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ രണ്ടു പേരില്‍നിന്നായി 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു.
കോഴിക്കോട് മായനാട് സ്വദേശി സബിത്ത്, തലശേരി സ്വദേശി മുഹമ്മദ് റഫ്സല്‍ എന്നിവരില്‍നിന്നാണ് 1342 ഗ്രാം സ്വര്‍ണം പിടികൂടിയത്. കളിപ്പാട്ടങ്ങളിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയിരുന്നത്. സബിത്തില്നിന്ന് 803 ഗ്രാം സ്വര്‍ണവും മുഹമ്മദ് റഫ്സലില്നിന്ന് 539 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി.മാധവന്, ഇന്‍സ്പെക്ടര്‍മാരായ എന്‍.അശോക് കുമാര്‍, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാര്‍, സോനിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
