കാസർകോട് പേരിനൊരു മെഡിക്കല്‍ കോളജ് ; വിദ്യാര്‍ത്ഥികളെത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പുതിയ വ്യവസ്ഥകള്‍ വെല്ലുവിളിയാകും

 കാസർകോട് : ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പുതിയ വ്യവസ്ഥകള്‍ , കാസര്‍കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് അഡ്‌മിഷന് വെല്ലുവിളിയാകും. 300 കിടക്കകളോടെ രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച ആശുപത്രികളില്‍ മാത്രമേ ഇനി മെഡിക്കല്‍ കോളജ് ആരംഭിക്കാവൂ എന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്റെ വ്യവസ്ഥയാണ് കേരളത്തില്‍ കോന്നി, കാസര്‍കോട് മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് അഡ്‌മിഷന്‍ വൈകാന്‍ കാരണമാകുക. മെഡിക്കല്‍ കോളജുകള്‍ നേരിട്ടു തുടങ്ങുന്ന രീതി നിര്‍ത്തലാക്കുന്നതിനാണ് മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശം എന്നതുകൊണ്ടുതന്നെ രണ്ട് മെഡിക്കല്‍ കോളജുകളിലും വി​ദ്യാര്‍ത്ഥികള്‍ എത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം, 


തുടക്കത്തില്‍ 300 കിടക്കകളും എംബിബിഎസ് ആദ്യ ബാച്ച്‌ പൂര്‍ത്തിയാകുമ്ബോഴേക്ക് 500 കിടക്കകളും വേണമെന്നാണു മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദ്ദേശം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു പകരം രൂപീകരിച്ച ദേശീയ മെഡിക്കല്‍ കമ്മിഷന്റെ ആദ്യ തീരുമാനങ്ങളിലൊന്നാണിത്.


കോന്നിയില്‍ കഴിഞ്ഞ മാസമാണ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. 300 കിടക്കകളാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്യുന്നതെങ്കിലും കിടത്തിച്ചികിത്സ ആരംഭിച്ചിട്ടില്ല. കാസര്‍കോട്ട് മെഡിക്കല്‍ കോളജിനായി നിര്‍മ്മിച്ച അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഏപ്രില്‍ മുതല്‍ താല്‍ക്കാലികമായി 100 കിടക്കകളോടെ കോവിഡ് ആശുപത്രിയായി പ്രവ‍ര്‍ത്തിക്കുകയാണ്. സാധാരണ നിലയിലുള്ള ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിട്ടുമില്ല. 2 വര്‍ഷം പ്രവര്‍ത്തിച്ച ശേഷം അപേക്ഷിച്ചാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ പിന്നെയും സമയമെടുക്കും.


മെഡിക്കല്‍ കോളജുകളില്‍ നിരീക്ഷണത്തിനു സിസിടിവി, അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബയോമെട്രിക് ഹാജര്‍ സംവിധാനം എന്നിവ നിര്‍ബന്ധമാക്കി. ഇതോടെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും അധ്യയനവും ചികിത്സയും ഇനി കമ്മിഷനു ഡല്‍ഹിയില്‍ നിന്നു നിരീക്ഷിക്കാം. ആശുപത്രി മെഡിക്കല്‍ കോളജില്‍ തന്നെയാകുന്നത് അഭികാമ്യം; ഇല്ലെങ്കില്‍ 10 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വേണം. കുറഞ്ഞത് 20 ഏക്കര്‍ ക്യാംപസ് വേണം. 100- 250 എംബിബിഎസ് സീറ്റുകളാകാം.


മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗത്തിനു പകരം കൂടുതല്‍ വിപുലമായ 24 മണിക്കൂര്‍ അടിയന്തര ചികിത്സാ വിഭാഗം തുടങ്ങും. ഇതു ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) മാതൃകയിലായിരിക്കും. ഓരോ രോഗിക്കും രോഗത്തിന്റെ ഗൗരവം അനുസരിച്ച്‌ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന 'ട്രയാജ്' സംവിധാനം നിര്‍ബന്ധമാക്കി. എല്ലാ മെഡിക്കല്‍ കോളജിലും കോവിഡ് പരിശോധനയ്ക്കു പിസിആര്‍ ലാബ് വേണം. കോളജിന് അംഗീകാരം ലഭിക്കാനും ഇതു നിര്‍ബന്ധമാണ്


Previous Post Next Post
Kasaragod Today
Kasaragod Today