ദുബൈ: രാജ്യത്ത് താമസവിസക്കാരുടെ സൗജന്യ കാലാവധി ഇന്ന് അവസാനിക്കും. താമസവിസക്കാര്‍ക്ക് യു.എ.ഇ നീട്ടി നല്‍കിയ സൗജന്യ കാലാവധിയാണ് ശനിയാഴ്ച അവസാനിക്കുന്നത്. മാര്‍ച്ച് ഒന്നിനും ജൂലൈ 12നും ഇടക്ക് കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്ക് നല്‍കിയ അധിക കാലാവധിയാണ് അവസാനിക്കുന്നത്.സമയപരിധി അവസാനിക്കുന്നതിന് മുമ്ബ് രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. എന്നാല്‍, എന്ന് മുതലാണ് പിഴ അടക്കേണ്ടത് എന്ന വിവരം ലഭ്യമായിട്ടില്ല. വിസിറ്റിങ് വിസക്കാരുടെ സൗജന്യ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. അതിനുശേഷവും രാജ്യത്ത് തങ്ങിയവരില്‍നിന്ന് പത്ത് ദിവസത്തിനുശേഷം പിഴ ഈടാക്കിത്തുടങ്ങിയിരുന്നു.
ഡിസംബര്‍ 31 വരെയാണ് ആദ്യം വിസ കാലാവധി നീട്ടി നല്‍കിയിരുന്നത്.എന്നാല്‍, വിമാനങ്ങള്‍ സര്‍വിസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബര്‍ 10 ആയി ചുരുക്കുകയായിരുന്നു. കാലാവധി അവസാനിച്ച ശേഷവും യു.എ.ഇയില്‍ തുടരുന്ന താമസവിസക്കാര്‍ ദിവസവും 25 ദിര്‍ഹം വീതമാണ് പിഴ അടക്കേണ്ടിവരുക. ആറുമാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും. കോവിഡ് വ്യാപനം പശ്ചാതലത്തിലാണ് യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടി നല്‍കിയത്. വിമാന മാര്‍ഗങ്ങള്‍ അടഞ്ഞതോടെ എങ്ങനെ നാടണയുമെന്ന് ആശങ്കപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം.
എമിറേറ്റ്സ് ഐ.ഡിയുടെ പിഴ വേറെയും അടക്കേണ്ടിവരുമെന്നും സൂചനയുണ്ട്. ഇവര്‍ക്ക് പിഴ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ അധികൃതരെ സമീപിക്കാം. മാനുഷിക പരിഗണന നല്‍കേണ്ടവരാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. അതേസമയം, മാര്‍ച്ച് ഒന്നിന് മുമ്ബ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം.ഇവര്‍ക്ക് പൊതുമാപ്പിെന്റ ആനുകൂല്യമാണ് ലഭിക്കുക. കേസുകള്‍ ഉള്ളതിനാല്‍ രാജ്യം വിടാന്‍ കഴിയാത്തവരാണ് ഇനിയും യു.എ.ഇയില്‍ തങ്ങുന്നത്.
