നേതൃത്വമറിയാതെ പത്രിക പിൻവലിച്ചു,ഉദുമ മണ്ഡലം കമ്മിറ്റി അംഗത്തെ ബിജെപി സസ്പെൻഡ്‌ ചെയ്തു

 കാസർകോട്: ബി.ജെ.പി. ഉദുമ മണ്ഡലം കമ്മിറ്റിയംഗമായ മധു ചേരിപ്പാടിയെ അന്വേഷണവിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചിട്ട് പാർട്ടിയുടെ സമ്മതമില്ലാതെ പത്രിക പിൻവലിച്ചതിനെത്തുടർന്നാണ് നടപടിയെടുത്തത്.



ബേഡകം പഞ്ചായത്തിലെ 11-ാം വാർഡായ വാവടുക്കത്തെ ബി.ജെ.പി. സ്ഥാനാർഥിയായാണ് ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. യു.ഡി.എഫിന്റെ സമ്മർദത്തിന് വഴങ്ങിയാണെന്ന് പത്രിക പിൻവലിച്ചതെന്ന് ബി.ജെ.പി. ഉദുമ മണ്ഡലം കോർ കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാർട്ടി സ്ഥാനാർഥിയായ ഇദ്ദേഹം നാമനിർദേശപത്രിക പിൻവലിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ജില്ലാ കോർ കമ്മിറ്റിയും കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചതെന്ന് ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ അറിയിച്ചു. വാവടുക്കം വാർഡിൽ നിലവിൽ സ്വതന്ത്രസ്ഥാനാർഥിയായി കെ.ഭാസ്കരനും സി.പി.എം. സ്ഥാനാർഥിയായി പി.മാധവനുമാണ് മത്സരിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today