ഒരാഴ്ച തീയറ്ററില്‍ ഓടാത്ത സിനിമകളുടെ നിര്‍മാതാക്കള്‍ വീണ്ടും സിനിമ എടുക്കുന്നതിനു പിന്നിലെ രഹസ്യം എന്ത്?'ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ ലഹരി ഇടപാടുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും

 തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ ലഹരി ഇടപാടുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച്‌ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി).


നാല് താരങ്ങളെ ചോദ്യം ചെയ്തതായും സൂചനയുണ്ട്.ബെംഗളൂരു ലഹരി കേസിലെ മുഖ്യപ്രതി സിനിമയിലെ ലഹരി ഇടപാടില്‍ ബന്ധമുണ്ട് എന്നാണ് എന്‍.സി.ബി.യുടെ കണ്ടെത്തല്‍. അനൂപ് മുഹമ്മദിനും, എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കും മലയാള സിനിമയില്‍ ശക്തമായ ബന്ധം ഉണ്ടെന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍. സാമ്ബത്തിക ലാഭം ലഭിക്കാത്ത, തിയേറ്ററില്‍ പോലും എത്താത്തതും, എത്തിയാല്‍ തന്നെ ഒരാഴ്ച പോലും തികച്ച്‌ ഓടാത്തതുമായ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ വീണ്ടും പണം മുടക്കി പുതിയ ചിത്രങ്ങള്‍ എടുത്തു എന്ന കണ്ടെത്തലാണ് ഈ അന്വേഷണത്തിനു പിന്നില്‍.



കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സിനിമാ മേഖലയിലേക്ക് അത്ര പരിചയസമ്ബന്നരല്ലാത്ത ഒട്ടേറെ പുതിയ നിര്‍മ്മാതാക്കള്‍ എത്തിയതും സംശയത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.


ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തുച്ഛമായ പ്രതിഫലം നല്‍കി വിദേശ ചിത്രീകരണത്തിനുള്‍പ്പെടെ വന്‍ തുക ചിലവഴിച്ച ചിത്രങ്ങളുടെ മറവില്‍ വിദേശ രാജ്യങ്ങളിലേക്ക് വരെ ലഹരി കടത്തിയിട്ടുണ്ടോ എന്നും അന്വേഷണം ഉണ്ടാകും.


ശരാശരി മൂന്നു മുതല്‍ ആറു കോടി രൂപയുടെ ബഡ്ജറ്റിലാണ് ഭൂരിഭാഗം സിനിമകളും.കഴിഞ്ഞ അഞ്ച് ആറു വര്‍ഷം മലയാളത്തില്‍ പ്രതിവര്‍ഷം ശരാശരി 150 സിനിമയോളം റിലീസ് ആയി. ഇതില്‍ പകുതിയോളം സാമ്ബത്തിക നഷ്‌ടം എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.


ചില നവാഗത സംവിധായകരും നിര്‍മാതാക്കളും അഭിനേതാക്കളും ഇതിനോടകം നിരീക്ഷണത്തിലാണ്.


നിര്‍മ്മാതാക്കളുടെ പരാതി മുക്കിയോ? 


മലയാള സിനിമയില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുന്നു എന്ന് കഴിഞ്ഞ വര്‍ഷം ചലച്ചിത്ര മേഖലയില്‍ ഒട്ടേറെ വാഗ്വാദങ്ങളും വിവാദങ്ങളും സൃഷ്‌ടിച്ച യുവനടനും നിര്‍മാതാവുമായി ഉണ്ടായ തര്‍ക്കത്തിന് ശേഷം നിര്‍മ്മാതാക്കളുടെ സംഘടന തന്നെ ആരോപണം ഉന്നയിച്ചിരുന്നു.


ലൊക്കേഷനുകളില്‍ ഉള്‍പ്പെടെ എക്സൈസ് പരിശോധന വേണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പരാതി ലഭിച്ചാല്‍ അന്വേഷിക്കാം എന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ പ്രതികരണം. ചില അഭിനേതാക്കള്‍ സംശയ നിഴലില്‍ വരികയും, എക്സൈസ് വിഭാഗം തുടക്കത്തില്‍ ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇവരും പിന്നീട് പിന്‍വലിയുകയാണുണ്ടായത്. ഇതിനു പിന്നില്‍ ആരാണ് ഇടപെട്ടത് എന്നതിലും ദുരൂഹതയുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today