കാസര്‍കോട്: വിവാദങ്ങള്‍ക്ക് ഒടുവില്‍ കാസര്‍കോട് കളക്‌ട്രേറ്റിന് മുന്നില്‍ ഗാന്ധിജിയുടെ വെങ്കല പ്രതിമയെത്തി. ശില്‍പി ഉണ്ണി കാനായിയാണ് 22 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പ്രതിമ ഇന്നലെ പുലര്‍ച്ചെ സ്ഥാപിച്ചത്. കെ.പി കുഞ്ഞിക്കണ്ണന്‍, എ.ഡി.എം. എ. ദേവീദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അനാവരണം ചെയ്തത്. പയ്യന്നൂര്‍ കാനായിയിലെ ശില്പിയുടെ വീട്ടില്‍ പൂര്‍ത്തിയാക്കിയ പ്രതിമയ്ക്ക് 12 അടി ഉയരവും നാല് അടിയുള്ള പീഠവുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമയാണിത്. 1997 ലാണ് കാസര്‍കോട് കളക്ടറേറ്റില്‍ ഗാന്ധിയുടെ വെങ്കല പ്രതിമ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി ആഘോഷത്തിനായി ചേര്‍ന്ന യോഗത്തില്‍ ഉദുമ എം.എല്‍.എയായിരുന്ന കെ.പി കുഞ്ഞിക്കണ്ണനാണ് ആശയം മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രി എ.കെ ആന്റണി കളക്ടറേറ്റില്‍ സ്ഥലവും അനുവദിച്ചു. ജില്ലക്കാരനും ശില്‍പിയുമായ കാനായി കുഞ്ഞിരാമനെയാണ് ആദ്യം പ്രതിമ നിര്‍മാണത്തിനായി സമീപിച്ചത്. 50 ലക്ഷത്തിന് കരാറായെങ്കിലും തുക അനുവദിച്ച് കിട്ടാന്‍ വൈകിയതോടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. പിന്നീടു വന്ന എല്‍.ഡി.എഫ് സര്‍ക്കാരിനു മുന്‍പില്‍ പ്രതിമ നിര്‍മ്മാണത്തിനു തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ എത്തിയെങ്കിലും സാങ്കേതിക കുരുക്കില്‍പ്പട്ടു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന വാര്‍ഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് വെങ്കല പ്രതിമ നിര്‍മ്മാണത്തിന് പുരോഗതിയുണ്ടായത്.
ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ ഇടപെടലോടെ നിര്‍മ്മാണത്തിന് ക്വട്ടേഷന്‍ വിളിച്ചു. 2019 നവംബറില്‍ ലഭിച്ച രണ്ട് ക്വട്ടേഷനുകളില്‍ കുറഞ്ഞ തുക കാണിച്ച ഉണ്ണി കാനായിക്ക് 22 ലക്ഷം രൂപയ്ക്ക് നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് തുക കണ്ടെത്തിയത്. എന്നാല്‍ വെങ്കല പ്രതിമയായതിനാല്‍ അധികം സമയം വേണ്ടി വരുമെന്ന് ശില്‍പി അറിയിച്ചിരുന്നു. മാര്‍ച്ച് 12 വരെ സമയം കളക്ടര്‍ നീട്ടി നല്‍കി. വെങ്കല പ്രതിമയ്ക്ക് ഇനിയും മാസങ്ങളോളം സമയമെടുക്കുമെന്ന് ശില്‍പി അറിയിച്ചതിനെ തുടര്‍ന്ന് തല്‍ക്കാലം വെങ്കല പ്രതിമയ്ക്ക് പകരം ഫൈബര്‍ പ്രതിമ നിര്‍മ്മിക്കാമെന്നായി കമ്മിറ്റി. പ്രതിമ നിര്‍മാണം ജനുവരി 30 ന് പൂര്‍ത്തീകരിക്കുന്നതിനാണ് ശില്‍പിയ്ക്ക് കരാര്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് മൂന്നുമാസം കൊണ്ട് ശില്‍പി ഉണ്ണി കാനായി രണ്ടരലക്ഷം രൂപ ചിലവിട്ട് ഫൈബര്‍ പ്രതിമ നിര്‍മിച്ചു. ഇത് വിവാദത്തിന് തിരികൊളുത്തി. ഇക്കഴിഞ്ഞ ജനുവരി 30ന് അനാവരണം ചെയ്തത് ഫൈബര്‍ പ്രതിമയാണെന്ന് അറിഞ്ഞില്ലെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പരസ്യമായി പറഞ്ഞതോടെ വിവാദം ആളിക്കത്തി. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പ്രതിമ സ്ഥാപിക്കാമെന്നാണ് ശില്‍പി സമിതിക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ അത് നടപ്പായില്ല. ലോക്ക്ഡൗണ്‍ കാരണം സാധന സാമഗ്രി ലഭിക്കാതെ വന്നതിനാലാണ് ആദ്യം മുടങ്ങിപ്പോയത്. എന്നാല്‍ ഗാന്ധിജയന്തി ദിനത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും തൊഴിലാളിക്ക് കൊവിഡ് ബാധിച്ച് ശില്‍പി നിരീക്ഷണത്തില്‍ പോകേണ്ടി വന്നതിനാല്‍ പ്രതിമ സ്ഥാപിക്കല്‍ നീണ്ടുപോകുകയായിരുന്നു.
