ദുബായ്: "ജെറ്റ്മാൻ' വിൻസ് റെഫെറ്റ് (36) ദുബായിൽ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച മരുഭൂമിയിൽ പരിശീലന പറക്കലിനിടെ ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ജെറ്റ് പവർ, കാർബൺഫൈബർ സ്യൂട്ട് ഉപയോഗിച്ച് നിലത്തുനിന്ന് വിക്ഷേപിച്ച് ദുബായിൽ ആദ്യമായി മനുഷ്യപറക്കൽ നടത്തിയ വ്യക്തിയാണ് റെഫെറ്റ്. ജെറ്റ്മാൻ ദുബായ് കമ്പനിയുടെ ഭാഗമായി നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം 6000 അടി ഉയരത്തിൽ പറന്നത് ലോകശ്രദ്ധ നേടിയിരുന്നു.
ജെറ്റ്മാൻ എന്നറിയപ്പെടുന്ന സ്വിസ് പൈലറ്റ് യെവ്സ് റോസിയാണ് വിമാനച്ചിറകുകളുടെ മാതൃകയിലുള്ള കൊച്ചു യന്ത്രസംവിധാനം നിർമിച്ചത്. 2015 നവംബറിൽ റോസിയും റെഫെറ്റും ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ പാം ജുമൈറയ്ക്കു മുകളിലൂടെ 4000 അടി ഉയരത്തിൽ പറന്ന വിമാനത്തിന്റെ മുകളിൽ ആകാശത്തിലൂടെ കുതിച്ചുകയറുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു.
മണിക്കൂറിൽ 402 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ഇവർക്ക് സാധിച്ചിരുന്നു.
