അടവുകളുമായി വിമതരും സ്വതന്ത്രരും, വാഗ്ദാനത്തിനു പിന്നാലെ അൽപം ഭീഷണി സ്വരവും, മുന്നണികളുടെ പ്രലോഭനങ്ങളിൽ വീണ് പിൻവലിക്കാനൊരുങ്ങി ചില സ്ഥാനാർഥികളും

 കാസർകോട് ∙ പാർട്ടിയുടെയും മുന്നണികളുടെയും സ്ഥാനാർഥികൾക്ക് എതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥികളെയും സ്വാതന്ത്രരെ യും  മാറ്റാൻ പാടുപെട്ട് നേതാക്കൾ. നാമനിർദേശ പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ മോഹന വാഗ്ദാനത്തിനു പിന്നാലെ അൽപം ഭീഷണി സ്വരവും ഉയർത്തിയാണ് ചിലയിടങ്ങളിൽ വിമത സ്ഥാനാർഥികളോട് പത്രിക പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നത്. 


കാസർകോട് നഗരസഭയിലെ ചില വാർഡുകളിൽ മുസ്‍ലിംലീഗിന്റെ സ്ഥാനാർഥികൾക്ക് എതിരെ പാർട്ടി അനുഭാവികളായവർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരത്തിനുണ്ട്. ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്ന കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്.  മുസ്‍ലിംലീഗിന്റെ  കർഷക സംഘടനയുടെ ജില്ലാ നേതാവിന്റെ ഭാര്യ ജില്ലാ പഞ്ചായത്ത് എടനീർ ഡിവിഷനിൽ മത്സരിക്കുന്നു. ഇവിടെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാഹിന സലീമാണ് മുസ്‍ലിംലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി.



വിമത സ്ഥാനാർഥിയെ മത്സരത്തിൽ നിന്നു മാറ്റാനുള്ള ശ്രമങ്ങൾ അണിയറയിൽ രാത്രി വൈകിയും നടക്കുകയാണ്. കാഞ്ഞങ്ങാട് നഗരസഭയിൽ 2 വാർഡുകളിലും നീലേശ്വരത്ത് ഒരു വാർഡിലും മുസ്‍ലിംലീഗിനു വിമത സ്ഥാനാർഥികളുണ്ട്. പാർട്ടിയുടെയും മുന്നണിയുടെയും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നവരോട് പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല പറഞ്ഞു. 


 കോൺഗ്രസിനെതിരെ ചെമ്മനാട് പഞ്ചായത്തിലെ ഒരു വാർഡിൽ വിമത സ്ഥാനാർഥിയുണ്ട്. ഇവരോട് പത്രിക പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നു ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു. ചെമ്മനാട്  പഞ്ചായത്തിലെ ചില  വാർഡുകളിൽ ചെറിയ പാർട്ടികളിലെ ബ്രാഞ്ച് ഭാരവാഹികളെ ബന്ധപ്പെട്ട്  വൻ പ്രലോഭനങ്ങളാണ് സ്ഥാനാർഥി കളെ പിൻവലിക്കാൻ നൽകുന്നത്,  യൂഡി എഫ് നാർഥികൾക്കെതിരെ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കുറ്റിക്കോൽ പഞ്ചായത്തുകളിൽ ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ സ്ഥാനാർഥികളും മത്സരിക്കാനുണ്ട്. ഇവരോട് പത്രിക പിൻവലിക്കണമെന്നു യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.


ബദിയടുക്ക, കുമ്പള, പൈവളിഗെ തുടങ്ങിയ പഞ്ചായത്തുകളിൽ ബിജെപി സ്ഥാനാർഥിക്ക് എതിരെ പാർട്ടിയിലെ അംഗങ്ങൾ വിമതരായി പത്രിക നൽകിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നും പത്രിക പിൻവലിക്കുന്നതിനു മുൻപേ ഇതു പരിഹരിക്കുമെന്നും ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. ഇത്തവണ വിമത സ്ഥാനാർഥി ശല്യം ഉണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ പിലിക്കോട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായ സിപിഐയിലെ രവീന്ദ്രൻ മാണിയാട്ടിനെതിരെ  മത്സരിക്കാൻ സിപിഎമ്മിലെ ചിലർ  പത്രിക നൽകിയിട്ടുണ്ട്. ഇവരെ പിന്തിരിപ്പിക്കാനുള്ള ചച്ചകൾ രാത്രി വൈകിയും നടന്നു.


തർക്കങ്ങൾ തീർക്കാൻ ശ്രമം തുടരുന്നു


കാസർകോട് ∙ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള   തീയതി ഇന്നു തീരും. നാളെ മുതൽ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കും. വിജയം ഉറപ്പിക്കാൻ മുന്നണികൾ പ്രചാരണ രംഗത്ത് മുന്നോട്ടു പോകുമ്പോഴും പ്രതീക്ഷിച്ച സ്ഥാനാർഥിത്വവും വിജയം ഉറപ്പായ സീറ്റു കിട്ടാത്തവരും ഉണ്ടാക്കുന്ന അലോസരം മറികടക്കാനുള്ള ശ്രമവും നടക്കുകയാണ്.


യുഡിഎഫിൽ കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി ഇടതുമുന്നണിയിൽ സിപിഐ, ഐഎൻഎൽ എന്നിവയിലും പ്രാദേശിക തലങ്ങളിൽ ചിലയിടങ്ങളിൽ  അസംതൃപ്തി ഉണ്ട്. നീലേശ്വരം നഗരസഭ, കാറ‍ഡുക്ക പ‍ഞ്ചായത്ത് എന്നിവിടങ്ങളിൽ ഐഎൻഎല്ലിനു സിപിഎം സിറ്റിങ് സീറ്റ് വിട്ടുകൊടുത്തു എങ്കിലും മുളിയാർ, ഉദുമ പഞ്ചായത്തുകളിൽ ഐഎൻഎൽ–സിപിഎം അഭിപ്രായ വ്യത്യാസം ഉണ്ട്. തൃക്കരിപ്പൂർ, വലിയപറമ്പ് പഞ്ചായത്തുകളിലാണ് സിപിഎം – സിപിഐ തർക്കം.

പടന്ന, കള്ളാർ പഞ്ചായത്തുകളിൽ കോൺഗ്രസും– മുസ്‍ലിം ലീഗും തമ്മിലാണു തർക്കം. കുറ്റിക്കോലിൽ കേരള കോൺഗ്രസ് (ജോസഫ്) സ്വന്തം സ്ഥാനാർഥികളെ നിർത്തി. കോൺഗ്രസിലും മുസ്‍ലിം ലീഗിലും വിമത ശല്യം ഏറെയുണ്ട്. ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രാദേശിക നേതൃത്വം ബിജെപി ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നു. ബിജെപിയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കാസർകോട് നഗരസഭ ഉൾപ്പെടെ ചില വാർഡുകളിൽ അണികൾ അസംതൃപ്തരാണ്. മുസ്‍ലിം ലീഗിലും ഇതേനില തന്നെ.


Previous Post Next Post
Kasaragod Today
Kasaragod Today