അഡൂരിൽ പുലിയിറങ്ങിവളർത്തുമൃഗങ്ങൾക്ക് കടിയേറ്റു, ആശങ്കയിലായി ദേലംപാടി കൊട്ടിയാടി പ്രദേശത്തിലുള്ളവർ

 അഡൂർ: വ്യാഴാഴ്ച പുലർച്ചെ അഡൂർ ദേവറഡുക്കയിൽ പുലിയിറങ്ങി വളർത്ത് മൃഗങ്ങളെ കടിച്ച് പരിക്കേൽപ്പിച്ചു. മുഡൂർ വസന്ത ഗൗഡയുടെ വളർത്തുനായകളെയാണ് പുലി പരിക്കേൽപ്പിച്ചത്. മൂന്ന് നായകളിൽ ഒന്നിനെ പുലി പിടിച്ചപ്പോൾ മറ്റുള്ളവ അക്രമിക്കുകയും പുലി ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വസന്ത ഗൗഡ പറയുന്നത്.സാരമായി പരിക്കേറ്റ ഒരു നായയ്ക്ക് അഡൂർ മൃഗാസ്പത്രിയിൽ ചികിത്സ നൽകി. പത്ത് ദിവസം മുമ്പ് ദേവറഡുക്കയിലെ തന്നെ ചിത്രകുമാറിന്റെ രണ്ട് നായകളെയാണ് പുലി കൊണ്ടുപോയത്. പശുക്കുട്ടി അടക്കമുള്ള വളർത്തുമൃഗങ്ങളെ ഇവിടെ കാണാതാവുക പതിവാണ്. നൂജിബെട്ടു പരിസരപ്രദേശങ്ങളിലും ഒരുമാസം മുമ്പ് സമാന സംഭവമുണ്ടായിട്ടുണ്ട്.


പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടു


ജാൽസൂരിൽനിന്ന് കൊട്ടിയാടിലേക്ക് രാത്രി യാത്രചെയ്യവെ പരപ്പയ്ക്കും കൊട്ടിയാടിക്കും ഇടയിൽ പുലി റോഡ് മുറിച്ച് കടന്ന് അഡൂർ ഭാഗത്തേക്ക് പോകുന്നത് കണ്ടുവെന്ന് പരപ്പയിലെ അലി പറഞ്ഞു. പത്ത് ദിവസം മുമ്പ് സുഹൃത്തിനോടൊപ്പം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുമ്പോഴാണ് പുലിയെ കണ്ടത്. ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പും സമ്മതിക്കുന്നു. വനം വകുപ്പ് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.ജനങ്ങൾ ആശങ്കയിൽ


വന്യമൃഗങ്ങൾ ദേലംപാടിക്കാരെ വിടാതെ പിന്തുടരുകയാണ്. വർഷങ്ങളായി നിരന്തര ശല്യമുണ്ടാക്കിയിരുന്ന ആനക്കൂട്ടത്തെ തുരത്തി ആശ്വാസംകൊള്ളുമ്പോഴാണ്‌ പുലിയുടെ വരവ്.


ആനക്കൂട്ടം കൃഷിക്കാണ് ഭീഷണിയായിരുന്നതെങ്കിൽ പുലി മനുഷ്യജീവനാണ് ഭീഷണി. പുലിയെ പിടിക്കാൻ വനം വകുപ്പ് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


Previous Post Next Post
Kasaragod Today
Kasaragod Today